ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പതിവ് ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് . രാജ്യത്തെ നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുകയാണ്. റോം കത്തുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച മോദിയുടെ നടപടി ഇ വാലറ്റ് കമ്പനികളായ പേ ടിഎമ്മുകളെ സഹായിക്കാനാണെന്നും രാഹുല്‍ ആരോപിച്ചു. നോട്ടു നിരോധനത്തിന് ശേഷം ഇ വാലറ്റ് കമ്പനികളുടെ പ്രത്യേകിച്ച് പേ ടി.എമ്മിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കനത്ത വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അത്തരം ഇടപാടുകള്‍ കൊണ്ട് പരമാവധി ഉപയോഗം ചിലര്‍ക്ക് മാത്രം ഉണ്ടാക്കുകയെന്നതാണ്, അതാണ് രാജ്യത്തെ തകര്‍ക്കുന്നത്.” പാര്‍ലമെന്റ് വളപ്പില്‍ നടന്ന നോട്ടുനിരോധനത്തിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ പറഞ്ഞു. ലോക്‌സഭയില്‍ തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയാല്‍ അവരുടെ അടുപ്പത്തെ കുറിച്ച് താന്‍ വെളിപ്പെടുത്താമെന്നും പേ ടി.എം എന്നാല്‍ പേ ടു മോദി(മോദിക്ക് പണം നല്‍കുക) എന്നാണെന്നും രാഹുല്‍ പറഞ്ഞു.
നോട്ടു നിരോധനം മൂലം ജനങ്ങള്‍ വലയുകയാണെന്ന് പ്രധാനമന്ത്രിക്ക് അറിയാം. ഇതൊരിക്കലും ഒരു ധീരമായ തീരുമാനമല്ല, ഒരു മുന്‍കരുതലുകളും സ്വീകരിക്കാത്ത വിഡ്ഡിത്തമാണ്. പാവങ്ങളെയും കര്‍ഷകരെയും ദിവസവേതന തൊഴിലാളികളെയും അത് തകര്‍ത്തു. പാര്‍ലമെന്റില്‍ അതില്‍ ചര്‍ച്ച ചെയ്യണം. അതില്‍ വോട്ടെടുപ്പ് നടത്തണം.” രാഹുല്‍ പറഞ്ഞു. നോട്ടുനിരോധനം കള്ളപ്പണത്തിന് എതിരെയെന്ന് പറഞ്ഞ മോദി പിന്നെ അത് തീവ്രവാദത്തിനെതിരെയും കള്ളനോട്ടിനെതിരെയെന്നും ഒടുവില്‍ കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥയ്ക്കാണെന്നും മാറ്റി പറയുകയാണെന്നും രാഹുല്‍ ആരോപിച്ചു.
Post Your Comments