![](/wp-content/uploads/2016/12/SABARIMALA-e1480997743497.jpg)
പത്തനംതിട്ട: ശബരിമലയിൽ ശക്തമായ സുരക്ഷയൊരുക്കി കേന്ദ്രസേനയും പോലീസും. ബാബരി മസ്ജിദ് ദിനാചരണത്തോടനുബന്ധിച്ചാണ് സുരക്ഷാ നടപടി. ഇതിന്റെ ഭാഗമായി പമ്പ മുതല്‍ സന്നിധാനം വരെ പലയിടങ്ങളിലും സേനയെ വിന്യസിച്ചു കഴിഞ്ഞു. ദ്രുതകര്‍മ്മ സേനയുടെ സംഘങ്ങളും സന്നിദാനവും പരിസര പ്രദേശങ്ങളും സുരക്ഷാ വലയത്തിലാക്കിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി 2000 പോലീസുകാരെ സന്നിധാനത്തും പമ്പയിലും വിന്യസിച്ചിട്ടുണ്ട്. അതുപോലെ കര്‍പ്പൂരാഴിയില്‍ ഇന്നും നാളെയും ഭക്തര്‍ക്ക് നേരിട്ട് നാളീകേര സമര്‍പ്പണം നടത്താന്‍ അനുവാദമില്ല. ഇതിനു പകരം സംവിധാനമായി ആഴിക്കു ചുറ്റും സുരക്ഷാ വലയം തീര്‍ത്തിരിക്കുന്ന പൊലീസിന്റെ സമീപത്ത് വച്ചിരിക്കുന്ന പെട്ടിയില്‍ തേങ്ങകള്‍ സമര്‍പ്പിക്കാം. ഇത് ആഴിയിലേക്ക് നിക്ഷേപിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുള്ളവരെ പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം സന്നിധാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മണ്ഡലക്കാലത്ത് സന്നിധാനത്തെ കടകളിലും ഹോട്ടലുകളിലും തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യാന്‍ നിരവധിപേരാണ് എത്തുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ജോലിക്കായി എത്തുന്നത് തടയാന്‍ പൊലീസിന്റെ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നവര്‍ക്കേ ജോലി നല്‍കാന്‍ പാടുള്ളു എന്ന നിബന്ധനയുമുണ്ട്. ഇത് പാലിക്കാത്തവരെ കണ്ടെത്തി സന്നിധാനത്തുനിന്നും മടക്കി അയക്കും. താല്‍ക്കാലിക ജോലിക്കാരെ ഉള്‍പ്പടെ ഇത്തരത്തില്‍ പരിശോധിക്കുന്നുണ്ട്. ഇതോടൊപ്പം ഉള്‍വനങ്ങളില്‍ വനംവകുപ്പ് അധികൃതരും, കാനന പാതകളിലുള്‍പ്പെടെ ദ്രുതകര്‍മ്മ സേനയും മറ്റ് സേനാംഗങ്ങളും സംയുക്ത പരിശോധനയും നടത്തുന്നുണ്ട്.
തീര്‍ഥാടകരെ ഇരുമുടിക്കെട്ട് സോപാനത്തിനും സമീപ്രദേശങ്ങളിലും വച്ച് തുറക്കാന്‍ അനുവദിക്കില്ല. ഇരുമുടികെട്ടിലെ നെയ്‌തേങ്ങയിലെ നെയ് ഒഴിക്കാനായി നാഗര്‍ ക്ഷേത്രത്തിന് പിന്നിലും മാളികപ്പുറം ഫ്‌ളൈഓവറിനും പിന്നിലായും നെയ്‌ത്തോണി സജ്ജീകരിച്ചിട്ടുണ്ടാവും. മാളികപ്പുറം, ഭസ്മക്കുളം എന്നിവിടങ്ങളില്‍ നിന്നും തീര്‍ഥാടകരെ ഇന്നലെ സോപാനത്തിലേക്ക് കടത്തിവിട്ടില്ല. സോപാനത്തിന് അകത്തേക്കും പുറത്തേക്കും ഒരുതരത്തിലുള്ള ലഗേജുകളുടെയും കയറ്റാനും അനുവദിക്കില്ല.
Post Your Comments