IndiaNews

നോട്ട് പിൻവലിക്കൽ; പുതിയ പദ്ധതിയുമായി മോദി സർക്കാർ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടർന്ന് ജന്‍ധന്‍ അക്കൗണ്ടുകളില്‍ ലക്ഷങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ഇതേ തുടർന്ന് ബാങ്കുകളില്‍ നിക്ഷേപം ക്രമാതീതമായി വര്‍ധിക്കുകയാണ്. അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് ആഴ്ചയില്‍ തിരിച്ചെടുക്കാനുള്ള പരിധി 24,000 രൂപയാണ്. അതിനാൽ തന്നെ ബാങ്കുകളുടെ കൈവശം കുറച്ചുകാലത്തേക്കെങ്കിലും അക്കൗണ്ടുകളില്‍ പണം കിടക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാൽ

ഇത്തരത്തില്‍ പണം ബാങ്കുകളില്‍ കുമിഞ്ഞുകൂടുന്നത് ബാങ്കുകള്‍ക്ക് തലവേദനയാണ്. നാലും നാലരയും ശതമാനംവരെ സേവിങ്സ് അക്കൗണ്ടിലെ പണത്തിനും പലിശ നല്‍കണമെന്നിരിക്കെ ഇത്തരത്തില്‍ എത്തുന്ന തുക ബാങ്കിന് ബാധ്യതയാകുകയാണ്. അതിനാൽ ഈ തുക പരമാവധി ലോണുകളായി നൽകാൻ ശ്രമിക്കുകയാണ് ബാങ്കുകൾ. ഇതിന് കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാന്‍ പലിശ ഇളവുകള്‍ പ്രഖ്യാപിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഇത്തരത്തില്‍ വ്യാപകമായി ലോണുകള്‍ നൽകുമ്പോൾ ഈ പണം കോര്‍പ്പറേറ്റ് കമ്പനികൾക്ക് ലോണായി പോകാനാണ് സാധ്യതയെന്നും ജനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത പണം വന്‍കിടക്കാരുടെ ബിസിനസിനായി വായ്പ നല്‍കുമെന്നുമെല്ലാമുള്ള പ്രചരണം സജീവമാണ്. പക്ഷേ, ഇത്തരത്തില്‍ കറന്‍സി നിരോധനത്തിനു ശേഷം ബാങ്കുകളിലെത്തിയ വന്‍ നിക്ഷേപത്തില്‍ നല്ലൊരു ശതമാനം ചെറുകിട ബിസിനസ് സംരംഭകര്‍ക്ക് വായ്പയായി അനുവദിക്കാനുള്ള തീരുമാനം മോദി സര്‍ക്കാര്‍ കൈക്കൊണ്ടതായാണ് ഏറ്റവും പുതിയ സൂചനകള്‍.

ഇപ്പോള്‍ ബാങ്കുകളിലെത്തിയ പണം സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് നല്‍കുന്ന ലോണുകളുടെ രൂപത്തില്‍ ഫലപ്രദമായി വിനിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുള്ളത്. വന്‍കിടക്കാര്‍ക്ക് വന്‍തുകകള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ തുകകള്‍ കുറേപ്പേരില്‍ എത്തുന്നതാണ് ബാങ്കുകള്‍ക്ക് നേട്ടമെന്നും വിലയിരുത്തല്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെറുകിട സംരംഭകര്‍ക്ക് ചെറു ലോണുകള്‍ നല്‍കുന്ന മുദ്രാ ലോണ്‍ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. 19 മാസംകൊണ്ട് നല്‍കിയത് അഞ്ചുകോടിയിലേറെ ലോണുകലാണ്.

ക്രെഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് മുദ്ര ലോണ്‍ നല്‍കുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് എവിടെയും വായ്പാ കുടിശ്ശികയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. കൊളാറ്ററല്‍ സെക്യൂരിറ്റി നല്‍കേണ്ടതില്ല എന്നതാണ് മറ്റൊരു ആകര്‍ഷണം. കൃഷിയുടേയോ വ്യവസായത്തിന്റെയോ ആവശ്യത്തിന് അനുസരിച്ച്‌ തുക പിന്‍വലിക്കാനും അതിനു മാത്രം പലിശ നല്‍കാനും സൗകര്യമുണ്ട്. തിരിച്ചടവിനും സൗകര്യപ്രദമായ ലളിത തവണ വ്യവസ്ഥകള്‍ നല്‍കാനാകും. മാത്രമല്ല, ലോണിനൊപ്പം നല്‍കുന്ന മുദ്ര കാര്‍ഡ് വഴി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും ഷോപ്പിങ് നടത്താനുമെല്ലാം സൗകര്യമുണ്ടാകും.

2015 ഏപ്രില്‍ എട്ടിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ‘പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് (പിഎംഎംവൈ)’ തുടക്കമിട്ടത്. മൈക്രോ യൂണിറ്റ്സ് ഡവലപ്പ്മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി ലിമിറ്റഡ് എന്ന പേരില്‍ സാധാരണക്കാരുടെ വ്യാപാര വ്യവസായ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കുകയായിരുന്നു ലക്ഷ്യം. 3.48 കോടിയില്‍പ്പരം ലോണുകളാണ് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ നൽകിയത്. ആകെ 1.32 ലക്ഷം കോടിരൂപയാണ് വിതരണം ചെയ്തത്. ഈ സാമ്പത്തികവര്‍ഷത്തിൽ ഇതുവരെ 73000 കോടിയില്‍പ്പരം രൂപ വിവിധ ബാങ്കുകള്‍ മുദ്ര ലോണുകളായി നല്‍കി.

മുദ്രാ പദ്ധതി പ്രകാരം വായ്പ നേടുന്നതിന് ലളിതമായ നടപടിക്രമങ്ങളാണുള്ളത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ദേശസാത്കൃത സ്വകാര്യബാങ്കുകളിലൂടെ മുംബൈ എം.എസ്.എം.ഇ. ഡെവലപ്പ്മെന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മുദ്രയുടെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടുത്തിയാണ് ലോണുകള്‍ അനുവദിക്കുന്നത്. ദേശസാത്കൃത, സ്വകാര്യ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ വഴിയും റീജണല്‍ റൂറല്‍ ബാങ്കുകള്‍ക്കും, സഹകരണ ബാങ്കുകള്‍ക്കും പദ്ധതിയില്‍ പങ്കാളിയാകാനും അവസരം നല്‍കിയിട്ടുണ്ട്. നിര്‍മ്മാണ സ്ഥാപനങ്ങള്‍, സേവന സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിനും, നിലവില്‍ ഉള്ളവ വികസിപ്പിക്കുന്നതിനും കാര്‍ഷിക-വ്യാപാര മേഖലയിലെ എതൊരു ചെറുകിട സംരംഭത്തിനും മുദ്ര ലോണ്‍ ലഭിക്കും.
ശിശു, കിഷോര്‍, തരുണ്‍ എന്നീ മൂന്ന് തലത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ലോണുകള്‍. സംരംഭത്തിനു വേണ്ട ഫണ്ടിന്റെ ആവശ്യകത അനുസരിച്ചാണ് ഇവ തീരുമാനിക്കുന്നത്. ശിശു- 50,000 രൂപ വരെ, കിഷോര്‍ -50,000 മുതല്‍ 5 ലക്ഷം രൂപ വരെ, തരുണ്‍ 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെ എന്നിങ്ങനെയാണ് വായ്പ.

റുപേ കാര്‍ഡും (മുദ്ര കാര്‍ഡ്), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ് ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വേണം ഇത് പ്രകാരമുള്ള വായ്പകള്‍ അനുവദിക്കുവാന്‍ എന്ന് വ്യവസ്ഥയുണ്ട്.
വായ്പാതുക ചെറുതായതിനാലും അപേക്ഷകരുടെ എണ്ണം കൂടുതല്‍ ആയതിനാലും ബാങ്കുകള്‍ക്ക് ഈ പദ്ധതി കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു. കറന്‍സി നിരോധനത്തിനുശേഷം കൂടുതലായി ബാങ്കുകളില്‍ എത്തിയ ‘ഡെഡ് മണി’ ഇത്തരത്തില്‍ പുതിയ ലോണുകളായി മാറാന്‍ സാധ്യതയേറെയാണ്. ഇതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതും.

വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളില്‍ നിന്നുതന്നെ ഫോം ലഭിക്കും. അത് പൂരിപ്പിച്ച്‌ അതിൽ പറയുന്ന രേഖകള്‍ സഹിതം ശാഖകളില്‍ നേരിട്ട് സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാം:  http://www.mudra.org.in/

shortlink

Related Articles

Post Your Comments

Related Articles


Back to top button