തിരുവനന്തപുരം: നിലമ്പൂരിലെ വനമേഖലയില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പോലീസ് കൂടുതല്‍ പ്രതിരോധത്തില്‍. 26 വെടിയുണ്ടകളാണ് കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെയും ദേഹത്തേറ്റിരുന്നത്. നിരായുധര്‍ക്കുനേരെ ഏകപക്ഷീയ വെടിവെപ്പാണ് നടന്നതെന്ന സൂചനയാണിത്. ഇക്കാര്യത്തിൽ കൃത്യമായ മറുപടിനല്‍കാന്‍ പോലീസിന് കഴിയുന്നില്ല.
അതുപോലെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയാത്തതും പോലീസിനെ വിഷമത്തിലാക്കുന്നു. മാവോവാദികള്‍ വെടിവെച്ചതുകൊണ്ടാണ് പ്രത്യാക്രമണം നടത്തിയതെന്നാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. പോലീസിന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ചുമതലയുണ്ട്. തെറ്റുപറ്റിയെങ്കില്‍ കോടതി നടപടിയെടുക്കട്ടെയെന്നും ഡി.ജി.പി പറഞ്ഞു.
സുപ്രീംകോടതിയുടെ നിലവിലുള്ള 16 ഇന മാര്‍ഗനിര്‍ദേശം നിലമ്പൂര്‍ സംഭവത്തില്‍ പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരും പി.യു.സി.എല്‍. എന്ന മനുഷ്യാവകാശ സംഘടനയും തമ്മിലുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ച് രഹസ്യവിവരം കിട്ടിയാല്‍ അക്കാര്യം പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. പോലീസ് ഏറ്റുമുട്ടലില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ഉടന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് കോടതിയില്‍ എത്തിക്കണം. സംഭവസ്ഥലം വീഡിയോയില്‍ പകര്‍ത്തണം. എന്നിവയാണ് സുപ്രീം കോടതിയുടെ പ്രധാന മാർഗനിർദേശങ്ങൾ.
Post Your Comments