Kerala

മോഹന്‍ലാലിനെ പുലഭ്യം പറയുന്നത് ജനാധിപത്യ വിരുദ്ധമെന്ന് ബിജെപി

തിരുവനന്തപുരം ● രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ലോകം ആരാധിക്കുന്ന മോഹന്‍ലാല്‍ എന്ന നടനെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും കുറ്റപ്പെടുത്തി ആക്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍ . മോഹന്‍ലാല്‍ പറഞ്ഞതില്‍ വിയോജിപ്പുണ്ടെങ്കില്‍ അതിലെ കാര്യകാരണങ്ങള്‍ നിരത്തി അദ്ദേഹത്തെ എതിര്‍ക്കുകയാണ് ജനാധിപത്യ മര്യാദ, അല്ലാതെ അദ്ദേഹത്തിനെതിരെ തത്വദീക്ഷയില്ലാതെ പുലഭ്യം പറയുന്നത് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആത്മാഭിമാനിയായ ഇന്ത്യക്കാരന്റെ മുന്നിലൂടെ അവനെ പരിഹസിച്ചുകൊണ്ട് കടന്നുപോകുന്ന കള്ളപ്പണക്കാരനും തീവ്രവാദത്തിനും എതിരായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശക്തമായ നിലപാടിനെ ധൈര്യപൂര്‍വം പിന്തുണയക്കാനുള്ള ആര്‍ജ്ജവം പ്രകടിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. വില്ലേജ് ഓഫീസും പഞ്ചായത്ത് ഓഫീസും വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയെക്കുറിച്ചാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ പറയുന്നത്. സത്യസന്ധമായ ഇന്ത്യക്കുവേണ്ടിയാണെന്ന് തിരിച്ചറിയുന്നു എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെക്കുറിച്ച് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. നോട്ടുകള്‍ മാറ്റിയെടുക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകളെ നാം ഓരോരുത്തരുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായുള്ള ചില കാത്തുനില്‍പ്പുകളുമായി അദ്ദേഹം കൂട്ടിയിണക്കുകയാണ് ചെയ്തത്.

കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും തീവ്രവാദികള്‍ക്കുമെതിരെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും, ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മോഹന്‍ലാലിന്റെ അഭിപ്രായ പ്രകടനത്തില്‍നിന്നും ഏതാനും വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് ലോകം ആരാധിക്കുന്ന ആ നടനെ അവഹേളിക്കുന്നത് അത്യന്തം അപലപനീയമാണ്.

നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നും കലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്ന കാശ്മീര്‍ കഴിഞ്ഞ 10 ദിവസത്തിലധികമായി ശാന്തമാണ്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായിക്കഴിഞ്ഞു. രാജ്യത്തെ ബാങ്കുകളില്‍നിന്ന് ജനം അഞ്ച് ലക്ഷം കോടിയിലധികം തുക മാറ്റിയെടുത്തിരിക്കുന്നു. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. പദ്ധതിയിലൂടെ ഉണ്ടായിരിക്കുന്ന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് ബോധ്യംവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കിയാണ് പ്രധാനമന്ത്രി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് 10 ദിവസത്തിനു ശേഷം മോഹന്‍ലാല്‍ തന്റെ പിന്തുണ അറിയിച്ച് രംഗത്തുവന്നത്. ഏതൊരു പൗരനേയും പോലെ ഈ പദ്ധതിയുടെ നേട്ടങ്ങള്‍ വ്യക്തമായി മോഹന്‍ലാലിന് ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം പൂര്‍ണമായി വായിക്കുന്ന ആര്‍ക്കും മനസിലാകും. പക്ഷേ മോഹന്‍ലാലിന്റെ അഭിപ്രായത്തെ അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമുള്ള ആയുധമാക്കി മാറ്റുകയാണ് ചിലര്‍ ചെയ്യുന്നത്. അതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും മുരളീധരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button