അഹമ്മദാബാദ്: രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ വലയുമ്പോൾ ഗുജറാത്തിലെ രണ്ട് പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയത് 2.9 ലക്ഷം രൂപ. അതും, പുതിയ 2,000 രൂപ നോട്ടുകള്‍ ആണ് കൈപ്പറ്റിയിരിക്കുന്നത്.
നോട്ടുകള്‍ പിന്‍വലിയ്ക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.
കണ്ട്‌ല പോര്‍ട്ട് ട്രസ്റ്റ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. ശ്രീനിവാസു, സബ് ഡിവിഷണല്‍ ഓഫീസര്‍ കെ. കോണ്ടേക്കര്‍ എന്നിവര്‍ ഒരു സ്വകാര്യ ഇലക്ട്രിക്കല്‍ കമ്പനിയില്‍നിന്ന് 4.4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഗുജറാത്ത് അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.ഇലക്ട്രിക്കല്‍ കമ്പനിയുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ ഒരുക്കിയ കെണിയില്‍ വീണ ഇടനിലക്കാരനില്‍നിന്നുള്ള വിവരപ്രകാരം ശ്രീനിവാസുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മറ്റൊരു 40,000 രൂപയും കണ്ടെടുത്തിട്ടുണ്ട് . തുക കൈക്കൂലിയായി വാങ്ങിയതാണെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുള്ളതായാണ് സൂചന.
ഒരാഴ്ചയിൽ ഒരാള്‍ക്ക് പരമാവധി പിന്‍വലിക്കാനാകുന്ന തുക 24,000 രൂപയാണ്. പിന്നെങ്ങനെ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും നോട്ടുകള്‍ എങ്ങനെ ഒരുമിച്ച് ലഭ്യമായി എന്നതാണ് അധികൃതരെ വലയ്ക്കുന്ന ചോദ്യം.കള്ളപ്പണവും അഴിമതിയും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാർ പഴയ നോട്ടുകൾ നിരോധിച്ചത്.പുതിയ നോട്ടുകൾ അതീവ സുരക്ഷയോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.അതെ സമയം 2,000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയിട്ട് ഒരാഴ്ച കഴിയവേ ഇത്രയും വലിയ തുകയുടെ പുതിയ നോട്ടുകൾ എങ്ങനെ സമാഹരിച്ചു എന്ന അന്വേഷണത്തിലാണ് അധികൃതർ.
Post Your Comments