മുംബൈ: അസാധുവായ നോട്ടുകളുടെ സംഭരണവും നശീകരണവും റിസര്‍വ് ബാങ്കിനും മറ്റു ബാങ്കുകള്‍ക്കും മുന്നില്‍ പുതിയ വെല്ലുവിളിയായി മാറുകയാണ്. നവംബര്‍ എട്ടോടെ അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളിലൂടേയും പോസ്റ്റ് ഓഫീസുകളിലൂടേയും എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന ലോജിസ്റ്റിക് കമ്പനികളിലൂടേയും ആര്‍ബിഐ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. വന്‍തോതില്‍ നോട്ടുകള്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ ഇവയൊക്കെ രാജ്യത്തെ വിവിധ ബാങ്കുകളുടേയും റിസര്‍വ് ബാങ്കിന്റേയും ക്യാഷ് ചെസ്റ്ററുകളിലാണ് കുന്നുകൂടികിടക്കുന്നത്.
ജനങ്ങളിൽ നിന്ന് ബാങ്ക് ശേഖരിച്ചിട്ടുള്ളത് രണ്ട് ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള നോട്ടുകളാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു. ഇതിൽ തപാൽ വകുപ്പിന്റെ കൈവശമുള്ള നോട്ടുകളും ഉൾപ്പെടുന്നു. സാധാരണഗതിയില്‍ കാലഹരണപ്പെട്ട നോട്ടുകളും കേടായ നോട്ടുകളുമെല്ലാം ബാങ്കുകളിലൂടെ റിസര്‍വ് ബാങ്കിലെത്തിച്ച ശേഷം നശിപ്പിച്ചു കളയുകയുമാണ് പതിവ്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ നോട്ടുകള്‍ ഒരുമിച്ച് അസാധുവായി പ്രഖ്യാപിക്കുന്നത്. വന്‍തോതില്‍ എത്തുന്ന അസാധുവായ നോട്ടുകള്‍ എങ്ങനെ നശിപ്പിക്കും എന്നതാണ് ആര്‍ബിഐ നേരിടുന്ന വെല്ലുവിളി.
രാജ്യത്തെ തൊണ്ണൂറ് ശതമാനത്തിലേറെ എടിഎമ്മുകളില്‍ നിന്നുമുള്ള 500, 1000 രൂപ നോട്ടുകള്‍ കഴിഞ്ഞ ദിവസം തിരിച്ചെടുത്തു. ഇവയെല്ലാം ബന്ധപ്പെട്ട ബാങ്കുകളിലും ക്യാഷ് ചെസ്റ്ററുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. ഇത്രയേറെ നോട്ടുകള്‍ സൂക്ഷിക്കാനുള്ള സ്ഥലസൗകര്യം തങ്ങള്‍ക്കില്ലെന്ന് പല ബാങ്കുകളും ഇതിനോടകം ആര്‍ബിഐയെ അറിയിച്ചിട്ടുണ്ട്. എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന ലോജിസ്റ്റിക് കമ്പനികള്‍ക്ക് രാജ്യമെമ്പാടും 250നും 300നും ഇടയില്‍ സംഭരണകേന്ദ്രങ്ങളാണുള്ളത്. ഇതുകൂടാതെ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് മാതൃകയില്‍ ക്യാഷ് ചെസ്റ്ററുകളുണ്ട്. എന്നാല്‍ തിരികെയെത്തുന്ന പണം സംഭരിക്കാന്‍ ഈ സ്ഥലമൊന്നും മതിയാവില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. 17 ലക്ഷം കോടി രൂപ മൂല്യമുളള നോട്ടുകളാണ് രാജ്യത്ത് ആകെ മൊത്തം ഉള്ളത്. ഇതില്‍ 22 ശതമാനവും 500,1000 രൂപ നോട്ടുകളാണ്. അവയുടെ ആകെ മൂല്യം പതിനഞ്ച് ലക്ഷം കോടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
Post Your Comments