ലക്‌നൗ : മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതു വരാന്‍പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും. യുപി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനായി വിവിധ പാര്‍ട്ടികള്‍ സൂക്ഷിച്ചുവച്ചിരുന്ന കള്ളപ്പണം അടുത്തദിവസങ്ങളില്‍ പുറത്തെത്താന്‍ സാധ്യതയുണ്ട്. നിയമസഭാതിരഞ്ഞെടുപ്പില്‍ കള്ളപ്പണം സുഗമമായി ഒഴുകുന്നതു തടയുക കൂടിയാണു കേന്ദ്രസര്‍ക്കാര്‍ ഈ നീക്കത്തിലൂടെ ചെയ്തത്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ യു.പി ആണ് കള്ളപ്പണത്തിന്റെ കേന്ദ്രമെന്നു രാഷ്ട്രീയരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പു നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ടിക്കറ്റ് കിട്ടാനും വോട്ടുകള്‍ വാങ്ങാനുമെല്ലാം കള്ളപ്പണമാണ് ഉപയോഗിച്ചിരുന്നത്.
നിയമസഭ, പാര്‍ലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിലെല്ലാം ഇതായിരുന്നു സ്ഥിതി. തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുകുന്നതായി തിരഞ്ഞെടുപ്പു കമ്മിഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പു നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ ശതകോടികള്‍ ഇത്തരത്തില്‍ മുടക്കിയിട്ടുണ്ടെന്നു കേന്ദ്രസര്‍ക്കാരിന്റെ ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശമനുസരിച്ച് ആരംഭിച്ച ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റില്‍ (എഫ്‌ഐയു) ആദായനികുതി വകുപ്പ്, റവന്യു ഇന്റലിജന്‍സ് വകുപ്പ്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ അംഗങ്ങളാണ്.
യുപിയില്‍ തിരഞ്ഞെടുപ്പിനു ബിഎസ്പി ടിക്കറ്റ് കിട്ടാന്‍ കോടികള്‍ മുടക്കണമെന്ന്, മായാവതിയെ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വിട്ടുപോയ പല നേതാക്കളും പരസ്യമായി ആരോപിക്കുന്നു. മായാവതിയാണ് അഴിമതി നടത്തുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ യുപിയിലെ പലനേതാക്കളും കേസ് നേരിടുന്നുമുണ്ട്.
നേതാക്കള്‍ കള്ളപ്പണം സമ്പാദിച്ച് അതു തിരഞ്ഞെടുപ്പു കാലത്ത് ഉപയോഗിക്കുന്നുവെന്നാണ് ഇതു കാണിച്ചുതരുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ മാത്രം 500 കോടി രൂപയുടെ കള്ളപ്പണം ഉപയോഗിച്ചതായി എഫ്‌ഐയുവിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 2012ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ 300 കോടി രൂപയുടെ കള്ളപ്പണമാണ് ഒഴുകിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് എഫ്‌ഐയു നടത്തിയ അന്വേഷണത്തില്‍ വന്‍ തുകയ്ക്കുള്ള പല ബാങ്കിടപാടുകളും ആദായനികുതി റിട്ടേണില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടേതായിരുന്നു ഇത്തരത്തിലുള്ള ഭൂരിഭാഗം ബാങ്ക് അക്കൗണ്ടുകളും. യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാഫിയകള്‍ വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുമെന്നു നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) എന്നീ സംഘടനകള്‍ നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ പുതിയ നീക്കം ഇവരുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതാണ്.
കഴിഞ്ഞതവണ നടന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ കണക്കില്‍ പെടാത്ത 43 കോടി രൂപയിലേറെയാണു പിടികൂടിയത്. കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ കോണ്‍ട്രാക്ടര്‍മാര്‍, മാഫിയകള്‍, ചിട്ടി ഫണ്ട് കമ്പനികള്‍ തുടങ്ങിയവ തിരഞ്ഞെടുപ്പിനായി പണമിറക്കുന്നത് ഇല്ലാതാവുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍
Post Your Comments