കെവിഎസ് ഹരിദാസ്
എൻഡിടിവി ഹിന്ദി ചാനലിന്റെ സംപ്രേഷണം ഒരു ദിവസം നിർത്തിവെക്കാനുള്ള ഉത്തരവ് വലിയ കോലാഹലമാക്കാനായി രാജ്യത്ത് ചില ശക്തികൾ ശ്രമിക്കുകയാണല്ലോ. കോൺഗ്രസുകാരും സിപിഐക്കാരും സിപിഎമ്മുകാരും എഎപിക്കാരുമൊക്കെയാണ് അതിനായി അത്യധ്വാനം ചെയ്യുന്നത്. “അടിയന്തരാവസ്ഥയിലേതുപോലുള്ള നീക്കം ” എന്നും മറ്റും കോൺഗ്രസുകാർ പോലും വിളിച്ചുകൂവുന്നു. ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ, മാധ്യമ സ്വാതന്ത്ര്യത്തിൽ ഏതെങ്കിലും വിധത്തിലുള്ള അനാവശ്യ ഇടപെടലിനെ അനുകൂലിക്കുന്ന ഒരാളല്ല ഞാൻ. മാധ്യമ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന രീതിയിൽ നിലനിർത്തണമെന്നും അതിൽ ഭരണകൂടത്തിന് വലിയ ഉത്തരവാദിത്വമുണ്ട് എന്നും കരുതുന്നയാളുമാണ്. എന്നാൽ അതിന്റെയർത്ഥം ആർക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നാണെന്ന് ആരും കരുതുകയുമരുത് .
പ്രതിരോധം, രാജ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ രാജ്യത്തിനും അവിടത്തെ ജനങ്ങൾക്കും ദോഷകരമാവുന്ന നടപടികൾ സ്വീകരിക്കാൻ തയ്യാറാവുന്ന ശക്തികളെ യഥാവിധി നേരിടാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട് . അതുമാത്രമാണ് ഇന്നിപ്പോൾ എൻ ഡിടിവിയുടെ കാര്യത്തിൽ ചെയ്തിട്ടുള്ളത്. രാജ്യത്ത് ഇതാദ്യമായി ചെയ്യുന്ന കാര്യമാണ് എന്നതാണ് പലരും പറഞ്ഞുപരത്തുന്നത്. ഇന്ത്യയിൽ സമാനമായ അനവധി സംഭവങ്ങൾ മുൻപുമുണ്ടായിട്ടുണ്ട്; മുൻപും പല ചാനലുകൾക്കും ഇത്തരത്തിലുള്ള അടച്ചുപൂട്ടൽ നേരിടേണ്ടി വന്നിട്ടുണ്ട്. കോൺഗ്രസ് – യുപിഎ ഭരണകാലത്തുതന്നെ ആ തരത്തിലുള്ള 21 ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ടെന്നത് കോൺഗ്രസുകാരെങ്കിലും ഓർത്തിരുന്നുവെങ്കിൽ നന്നായിരുന്നു. അടിയന്തരാവസ്ഥയുടെ കരാള കാലഘട്ടത്തെക്കുറിച്ചു ഇന്ന് പറയുന്ന കോണ്‍ഗ്രസുകാരെ മറക്കാം. എന്നാൽ സിപിഐ ക്കാരെ മറക്കാൻ കഴിയുമോ. അക്കാലത്ത് ഇന്ദിരാഗാന്ധിയെ പാറപോലെ പിന്താങ്ങിയ രാഷ്ട്രീയ കൂട്ടുസംഘമായിരുന്നല്ലോ സിപിഐക്കാർ.
ഇവിടെ എന്താണ് നടന്നതെന്നത് കാണാതെപോയിക്കൂടാ. പത്താൻകോട്ട് ഭീകരാക്രമണം നടക്കുന്നതിനിടെ അവിടത്തെ സുരക്ഷാ ഏർപ്പാടുകൾ സംബന്ധിച്ച വിവരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാനാണ് എൻഡിടിവി തയ്യാറായത്. അതിലൂടെ നമുക്ക് സുരക്ഷിതമായി, രഹസ്യമായി വെക്കേണ്ടുന്ന വിവരങ്ങൾ പുറം ലോകത്തെ അറിയിക്കാൻ അവർ തയ്യാറായി. മുൻപും ഇത്തരം പ്രവർത്തനങ്ങളിൽ ഈ ചാനൽ ഏർപ്പെട്ടിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ വേളയിൽ നാമത് കണ്ടതാണ്. അത് ഇന്ത്യയുടെ ഭീകര വിരുദ്ധ നീക്കങ്ങൾക്കു തടസമുണ്ടാക്കിയെന്നു മാത്രമല്ല, പല വിവരങ്ങളും പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് ‘ലൈവ് ‘ ആയി നൽകാനും വഴിയൊരുക്കി. കമാൻഡോകൾ വരുന്നു, അവർ ഇന്ന സ്ഥലത്താണ് ഇറങ്ങുന്നത്, അവർ ഇടത്തോട്ടു പോകുന്നു, അവർ ലക്ഷ്യമിടുന്നത് ഇന്നതിനെയാണ് എന്നും മറ്റും തത്സമയം സംപ്രേഷണം ചെയ്യുന്നത് കണ്ടുകൊണ്ടാണ് ഭീകരർക്ക് പാക്കിസ്ഥാനിൽ നിന്ന് വയർലസിൽ സന്ദേശങ്ങളും നിർദ്ദേശങ്ങളും കൈമാറിയിരുന്നതെന്ന് നാമൊക്കെ കേട്ടതാണ്. അതായത് ടിവി ചാനലുകളുടെ നടപടി ഏറ്റവുമധികം സഹായിച്ചത് പാക് ഭീകരരെയാണ്. അത് പാക്കിസ്ഥാനിലെ ഒരു സൈനിക ജനറൽ തുറന്നുപറഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് നാം കേട്ടതാണല്ലോ.
അതിനെക്കുറിച്ചു അന്നത്തെ നാവികസേനാ മേധാവി പറഞ്ഞത് ഇങ്ങനെയാണ്: ( ഒരു ഇംഗ്ലീഷ് വാർത്ത ഇവിടെ ചേർക്കാം). “Navy chief Admiral Sureesh Mehta on Tuesday mounted a frontal assault on the sections of the electronic media for its reckless coverage of the Mumbai attacks. In his annual press conference ahead of Navy Day on December 4, Mehta said the manner in which TV channels reported India’s worst terror strike had “tactical implications” and might have worked to the advantage of the terrorists.
“When operations were taking place, the channels were reporting that commandos were being airdropped. The terrorists were in live contact with their masters, who were keeping them informed. Such minute-by-minute coverage can be detrimental to conduct of operations. We are disturbed by such reporting.” Mehta picked holes in the coverage of the 1999 Kargil war to prove that channels have traditionally not exercised restraint in their coverage of events that have a bearing on national security.
Singling out a lady journalist from the English news channel NDTV, Mehta, who is also the chairman of chiefs of staff committee, said irresponsible coverage of the war had compromised the safety of troops and led to the death of three soldiers. He said this particular journalist had cajoled an army colonel to demonstrate the firing of an artillery gun to capture a great shot on the camera. He said the colonel was later dismissed from service.”.
കാർഗിൽ യുദ്ധവേളയിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട് . അന്നും ഇതേ ചാനലിനെകുറിച്ചായിരുന്നു പരാതി. അന്ന് സൈനിക മേധാവിയായിരുന്ന ജനറൽ വിപി മാലിക്ക് കാർഗിൽ യുദ്ധം സംബന്ധിച്ച തന്റെ പുസ്തകത്തിൽ അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സേനയുടെ നീക്കങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്തതിലെ പ്രശ്നങ്ങളിലേക്കാണ് അദ്ദേഹം വിരൽചൂണ്ടിയത്. ‘ടൈഗർ ഹിൽസ് ‘ ഇന്ത്യ കീഴടക്കാൻ പദ്ധതിയിട്ടപ്പോൾ അത് റിപ്പോർട്ട് ചെയ്യുകയും അതിലൂടെ പാക്കിസ്ഥാൻ ആർമിക്ക് മേൽക്കൈ നേടിക്കൊടുക്കാൻ സഹായിക്കുകയും ചെയ്തുവെന്നാണ് അന്നുയർന്ന ആക്ഷേപം. അതിൽ ജന. മാലിക്ക് കണ്ടത് “ഒരു പത്രപ്രവർത്തകയുടെ അമിതാവേശം” എന്നാണ്. ആരാണ് ആ മാധ്യമ പ്രവർത്തക എന്ന് ഞാൻ പറയേണ്ടതില്ലല്ലോ. അതിനപ്പുറം എന്തെങ്കിലുമുണ്ട് എന്ന് അദ്ദേഹം പറയാതിരുന്നതാവും.
ഇത്തരം നടപടികൾ ആവർത്തിക്കപ്പെട്ടുകൂടാ എന്നത് സൈന്യത്തിന്റെ കർക്കശമായ നിലപാടായിരുന്നു. നമ്മുടെ സുരക്ഷാ ഉപദേഷ്ടാക്കൾ അത് ശരിവെക്കുകയും ചെയ്തു. അതിന്റെ വെളിച്ചത്തിലാണ് 2015 -ൽ നിർദ്ദിഷ്ട നിയമത്തിൽ ഭേദഗതി സർക്കാർ കൊണ്ടുവന്നത്. അതനുസരിച്ചു ഭീകര വിരുദ്ധ നടപടികൾ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യാൻ പാടില്ലാത്തതാണ്. ആ വ്യവസ്ഥയാണ് എൻ ഡിടിവി പത്താൻന്കോട്ട് അക്രമവേളയിൽ ലംഘിച്ചത്. ഇക്കാര്യം ഗൗരവപൂർവം സർക്കാർ പരിഗണിച്ചിരുന്നു. ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി ( ഐ എം സി)യാണ് അത് പരിഗണിക്കേണ്ടത്. അതിൽ കേന്ദ്രത്തിലെ ആഭ്യന്തരം, പ്രതിരോധം, വാർത്താവിതരണം, ആരോഗ്യം, നിയമം, വിദേശകാര്യം, വനിതാക്ഷേമം എന്നീ വകുപ്പുകളിലെ ജോയിന്റ് സെക്രട്ടറിമാർ അംഗങ്ങളാണ്. അതിനുപുറമെ, അഡ്വെർടൈസ് മെന്റ് സ്റ്റാൻഡേർഡ്‌സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രതിനിധിയുമുണ്ട്. ആ സമിതി ടിവി ചാനലിന് നോട്ടീസ് അയച്ചു. അതിന് മറുപടി നല്കവേ തെറ്റ് സമ്മതിക്കാനോ ക്ഷമ ചോദിക്കാനോ അല്ല ചാനൽ തയ്യാറായത് പകരം തങ്ങളത് ചെയ്തു എന്ന് സമ്മതിക്കലാണ്. അതിനൊപ്പം മറ്റുചിലരും ചെയ്തുവെന്ന് പ്രസ്താവിക്കുകയും ചെയ്തു. അതോടെ ഐഎംസിയുടെ മുന്നിലുള്ള മാർഗം പരിമിതമായി. ഒന്നുകിൽ അത് അംഗീകരിക്കുക, അല്ലെങ്കിൽ നിയമാനുസൃതം നടപടിയെടുക്കുക. ഇത്തരമൊരു സംഭവത്തിൽ സർക്കാർ പിന്നാക്കം പോയാൽ അത് നൽകുന്ന സൂചനയെന്താവും എന്നതും ഒരു ഭരണകൂടത്തിന് ചിന്തിക്കാതിരിക്കാനാവുമോ?.
ഇത്തരമൊരു കുറ്റം ചെയ്തതിന് നിയമാനുസൃതം വേണമെങ്കിൽ രണ്ടുമാസം വരെ സംപ്രേഷണം തടയാൻ സർക്കാരിന് കഴിയും എന്നതാണ് പ്രധാനം. രാജ്യത്ത് ഇതുവരെ ഇത്തരത്തിലുള്ള 28 ഉത്തരവുകൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെയടിസ്ഥാനത്തിൽ ഒന്ന് മുതൽ രണ്ടുമാസം വരെ സംപ്രേഷണം നിർത്തിവെപ്പിച്ചിട്ടുമുണ്ട് . അതിൽ 21 ഉത്തരവുകൾ ഇറങ്ങിയത് കോൺഗ്രസ് – യുപിഎ സർക്കാരിന്റെ കാലത്താണ്. അതിൽത്തന്നെ കുറെയേറെ എണ്ണം പുറപ്പെടുവിച്ചത് സിപിഎം അടക്കമുള്ള ഇടതുകക്ഷികൾ പിന്താങ്ങിയ യുപിഎ ഭരണകൂടത്തിന്റെ കാലഘട്ടത്തിലുമാണ്. അന്നൊന്നും കാണിക്കാത്ത വിഷമവും ദേഷ്യവുമൊക്കെ ഇന്നിപ്പോൾ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും കാണിക്കുന്നതിലാണ് അതിശയം.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ വളരെ വ്യക്തമാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ടിവിചാനലിന്റെ മറവിൽ അനുവദിക്കാൻ കഴിയില്ല എന്നതുതന്നെയാണത്. യുദ്ധസമാനമായ അന്തരീക്ഷം ഇവിടെ ഇന്നുണ്ട്. ഭീകരർ പലപ്പോഴും അഴിഞ്ഞാടുന്നത് നാം കാണുന്നു. അത്തരം ഭീകരരെ വെള്ളപൂശാനും അവരെ മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാരായി വാഴ്ത്താനുമൊക്കെ ശ്രമിക്കുന്നതും രാജ്യം കാണുന്നു. അടുത്തിടെ പട്ടാളത്തിനാൽ കൊലചെയ്യപ്പെട്ട ഒരു ഭീകരനൊപ്പം ഒരു പ്രമുഖ ടിവി മാധ്യമ പ്രവർത്തക ടു വീലറിൽ യാത്രചെയ്യുന്നത് സോഷ്യൽ മീഡിയ ആഘോഷിച്ചതും മറക്കാൻ കഴിയുമോ?. പറഞ്ഞുവന്നത്, നരേന്ദ്ര മോദിയെയും ബിജെപിയെയും എതിർക്കാൻ വിമർശിക്കാൻ ആർക്കും, ഏതു മാധ്യമത്തിനും അവകാശമുണ്ട്. എന്നാൽ അതിന്റെ പേരിൽ രാജ്യത്തിനുനേരെ വിരലുയർത്തിയാൽ അത് സഹിക്കില്ല, അത് കാണാതെ പോകുകയുമില്ല. അതെ സമയം തന്നെ ഒരു കാരണവശാലും മാധ്യമ സ്വാതന്ത്ര്യത്തിൽ ഒരു തരിപോലും വെള്ളം ചേർക്കാൻ ഈ ഭരണകൂടം ശ്രമിക്കില്ല. കാരണം അടിയന്തരാവസ്ഥയുടെ ദുരിതങ്ങൾ പേറിയവരാണ് ഈ സർക്കാരിന്റെ അമരക്കാർ.
എൻഡിടിവി ഇതിനകം തന്നെ പല കാരണങ്ങളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു എന്നത് മറന്നുകൂടാ. അവരുടെ സാമ്പത്തിക ഇടപാടുകൾ, തിരിമറികൾ എന്നിവ സർക്കാർ ഉദ്യോഗസ്ഥരുടെ സൂക്ഷ്‌മമായ വിശകലനത്തിലാണിപ്പോൾ. ഡോ. സുബ്രമണ്യൻ സ്വാമിയുടെ ഇടപെടലാണ് ഈ വിഷയത്തെ ദേശീയശ്രദ്ധയിൽ കൊണ്ടുവന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനകം തന്നെ ഫെമ ലംഘനത്തിന് എൻഡിടിവിക്കെതിരേ കേസെടുത്തിരുന്നു. 2, 030 കോടിയാണ് അതിലുൾപ്പെട്ടത് . അത്രയും തുക ഫൈൻ അടക്കാനാണ് നിർദ്ദേശം. അതിപ്പോൾ ആര്ബിട്രേഷനിലാണ്. ആർബിഐ തലവനാണ് അതിലിടപെട്ടിരിക്കുന്നത് . എന്നാലത് ഫെമയിൽ പെടുത്താവുന്ന കേസല്ലെന്നും മറിച്ചു സാമ്പത്തിക ക്രമക്കേടായി കാണേണ്ടതുണ്ടെന്നും ഡോ. സ്വാമി ചൂണ്ടിക്കാണിക്കുന്നു. ലണ്ടനിൽ ഒരു കമ്പനി രൂപീകരിച്ചു കള്ളപ്പണം ഇന്ത്യയിലേക്ക് വഴിവിട്ടുകൊണ്ടുവരുകയാണ് ചെയ്തത്. എൻഡിടിവി നെറ്റ് വർക്സ് പിഎൽസി എന്നതാണ് ആ ലണ്ടൻ കമ്പനിയുടെ പേരു് . അതിന്റെയും എൻഡിടിവിയുടെയും ഡയറക്ടർമാർ ഒന്നുതന്നെയാണ്. അവർ പ്രണോയ് റോയ്, രാധിക റോയ്, ബർഖാ ദത്ത് , വിക്രം ചന്ദ്ര, സോണിയ സിങ്, സുപർണ സിങ് എന്നിവർ സ്വാമി പറയുന്നു.
അനധികൃത – വിദേശ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണങ്ങൾ എൻഡിടിവിയുടെ ഭാവിയെത്തന്നെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി കോൺഗ്രസിനുവേണ്ടി “പടപൊരുതുന്ന” ചാനലിന് വിദേശത്തുനിന്നുമാത്രമല്ല എയർസെൽ – മാക്സിസ് ഇടപാടിന്റെ ഭാഗമായും കോടികൾ ലഭിച്ചുവെന്നാണ് ഡോ. സ്വാമി ചൂണ്ടിക്കാട്ടിയത്. അത് അഴിമതിപ്പണമാണ് എന്നും കള്ളപ്പണമാണ് എന്നും ആ ഇടപാടിന്റെ പേരിൽ ചാനലിനും അതിന്റെ തലപ്പത്തുള്ളവർക്കുമെതിരെ സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ( ഇ ഡി ) അന്വേഷണത്തിന് ഉത്തരവിടണമെന്നും ഡോ. സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 2,670 കോടിയുടെ തട്ടിപ്പാണ് എൻഡിടിവി നടത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിൻറെ ആക്ഷേപം. നേരത്തെ 640 കോടിയുടെ ഒരു തട്ടിപ്പിന്റെ പേരിൽ ആദായ നികുതി വകുപ്പ് ഇതേ ചാനലിന് 525 കോടിരൂപ ഫൈൻ ചുമത്തിയിരുന്നു. പ്രണോയ് റോയ് ആണ് എൻഡിടിവിയുടെ അധിപൻ. അദ്ദേഹത്തിൻറെ ഭാര്യ രാധിക റോയ് സിപിഎം നേതാവ് പ്രകാശ് കാരാട്ടിന്റെ ഭാര്യയും പോളിറ്റ് ബ്യൂറോ അംഗവുമായ വൃന്ദ കാരാട്ടിന്റെ സഹോദരിയാണ്. അതിനിടയിലാണ് പുതിയ പൊല്ലാപ്പുകൾ ആ ചാനലിനെ വേട്ടയാടുന്നത്. എല്ലാം കൂട്ടി വായിച്ചാൽ കാര്യങ്ങൾ ആ ചാനലിൽ സുഖകരമല്ല എന്ന് പറയാതെവയ്യതാനും.
Post Your Comments