മുക്കം: അന്ധവിശ്വാസത്തിന്റെ പേരിൽ നവജാതശിശുവിന് മുലപ്പാൽ നൽകാൻ അനുവദിക്കാതെ പിതാവ്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ കുഞ്ഞിന് മുലപ്പാൽ നൽകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ അഞ്ച് ബാങ്ക് വിളി കഴിയാതെ കുഞ്ഞിന് പാൽ കൊടുക്കാൻ സമ്മതിക്കില്ലെന്ന് പിതാവ് വാദിച്ചു. ഇത് നവജാത ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറഞ്ഞെങ്കിലും പിതാവ് വഴങ്ങിയില്ല.
കുഞ്ഞ് ജനിച്ചാല്‍ ചെവിയില്‍ ബാങ്ക് വിളിക്കണമെന്ന ചടങ്ങ് ഉണ്ടെങ്കിലും അഞ്ച് നേരത്തെയും ബാങ്ക് വിളി കഴിഞ്ഞേ പാല് കൊടുക്കാൻ പാടുള്ളൂ എന്ന രീതിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും ഊതിയ വെള്ളം മാത്രം കൊടുത്താൽ മതിയെന്ന് അബൂബക്കർ വാദിച്ചു. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയറിനെയും പോലീസിനെയും വിവരമറിയിച്ചു. തന്റെ ആദ്യമകനും 24 മണിക്കൂറിന് ശേഷമാണ് പാൽ നൽകിയതെന്നും കുഞ്ഞിന് ഒന്നും സംഭവിച്ചില്ലെന്നും ഇയാൾ പറഞ്ഞു. തുടർന്ന് കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദിയല്ലെന്ന് ഇയാള്‍ എഴുതി ഒപ്പിട്ടു നല്‍കി.എന്നാൽ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ ഇയാൾക്കെതിരെ കേസെടുക്കുമെന്ന് എസ്. ഐ അറിയിച്ചു.
Post Your Comments