കോഴിക്കോട്: അദിതി നമ്പൂതിരി കൊലക്കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നു വര്‍ഷം വീതം കഠിന തടവ്. അച്ഛന്‍ സുബ്രഹ്മണ്യം നമ്പൂതിരി, രണ്ടാനമ്മ ദേവിക അന്തര്‍ജനം (റംലത്ത്) എന്നിവരെയാണ് കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. സുബ്രഹ്മണ്യം നമ്പൂതിരി ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2013 ഏപ്രില്‍ 30 നാണ് കേസിന് ആസ്പദമായ സംഭവം. ബിലാത്തിക്കൂളം ബി.ഇ.എം യു.പി.സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു അദിതി. അപസ്മാര ബാധയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. പ്രാഥമിക പരിശോധനയില്‍ കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടറാണ് വിവരം പോലീസിനെ അറിയിച്ചത്. അതോടെ കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിച്ചുവെങ്കിലും ആശുപത്രി അധികൃതർ ഇടപെട്ട് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
പ്രതികള്‍ക്കെതിരെ കൊലക്കുറ്റം കോടതിയില്‍ തെളിയിക്കാനായില്ല. അദിതിയുടെ സഹോദരന്‍ അരുണിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണവും തെളിയിക്കാന്‍ കഴിഞ്ഞില്ല.
വിധി പറയുന്നതിനായി കേസ് ഇന്ന് രാവിലെ പരിഗണിച്ചപ്പോള്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ആറു വയസ്സുകാരി അദിതി മാതാപിതാക്കള്‍ പട്ടിണിക്കിട്ടും പ്രാകൃതമായ രീതിയില്‍ ശിക്ഷകള്‍ നല്‍കിയെന്നും കോടതി കണ്ടെത്തിയിരുന്നു.
കേസിലെ മുഖ്യ സാക്ഷി അദിതിയുടെ സഹോദരന്‍ അരുണ്‍ എസ്. നമ്പൂതിരിയാണ്. സഹോദരിയെ അച്ഛനും രണ്ടാനമ്മയായ റംലത്ത് എന്ന ദേവകിയും ചേര്‍ന്ന് പലപ്പോഴും ക്രൂരമര്‍ദ്ദനത്തിന് വിധേയമാക്കാറുണ്ടെന്നും രണ്ടാനമ്മ തിളച്ചവെള്ളം അദിതിയുടെ ദേഹത്ത് ഒഴിച്ച് പൊള്ളിച്ചതായും അരുണ്‍ മൊഴി നല്‍കിയിരുന്നു. 2013 ഏപ്രില്‍ 29ന് രണ്ടാനമ്മയുടെ പ്രേരണപ്രകാരം അച്ഛന്‍ അദിതിയെ പട്ടിക ഉപയോഗിച്ച് മര്‍ദ്ദിച്ചിരുന്നതായും അരുണ്‍ മൊഴി നല്‍കി. പിറ്റേന്ന് സ്‌കൂളില്‍ കുഴഞ്ഞുവീണ കുട്ടി ആശുപത്രയിലേക്കുള്ള വഴിക്കാണ് മരണമടഞ്ഞത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം പുറത്തുവന്നത്.
അരുണിനു പുറമേ അദിതിയുടെ അമ്മാവന്‍ ഇ.ശ്രീജിത്ത് നമ്പൂതിരി, അയല്‍വാസിയും ഹിന്ദു ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറുമായ രമേഷ് കുറുപ്പ്, ബിലാത്തിക്കുളം പീപ്പിള്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളായ സുഭാഷ്, പി.പി മുരളി എന്നിവരുള്‍പ്പെടെ 45 പേരെയാണ് സാക്ഷികളായി വിസ്തരിച്ചത്.
കോഴിക്കോട് ഈസ്റ്റ്ഹില്‍ ബി.ഇ.എം യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മരണപ്പെടുമ്പോള്‍ അദിതി. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജും പ്രതികള്‍ക്ക് വേണ്ടി എം.നാരായണനും ഹാജരായി.
Post Your Comments