International

നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ഇസ്ലാമാബാദ് : പനാമ വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ട പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് പാക് സുപ്രീംകോടതി ഉത്തരവിട്ടു. ഈ വര്‍ഷം ആദ്യമായിരുന്നു നാവാസ് ഷെരീഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുക്കള്‍ ഉണ്ടെന്ന പനാമ രേഖകള്‍ പുറത്ത് വന്നത്. കേസില്‍ ഹര്‍ജിക്കാരനായ പാകിസ്താന്‍ തഹ്രീക്ക് ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ഖാന്‍ അടക്കമുള്ളവരുടെ വാദം കേട്ടതിന് ശേഷമാണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി ഉള്‍പ്പെടുന്ന അഞ്ചംഗ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതിപ്പണമാണ് ഷെരീഫ് വിദേശത്ത് നിക്ഷേപിച്ചതെന്നും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അയോഗ്യനാണെന്നും കാണിച്ചായിരുന്നു ഇമ്രാന്‍ഖാന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. അഴിമതിക്കാരനായ പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇമ്രാന്‍ഖാന്റെ തഹ്രീക്ക് ഇന്‍സാഫ് പാര്‍ട്ടി പ്രര്‍ത്തകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ച് വരികയായിരുന്നു. കോടതി ഉത്തരവ് വന്നതോടെ തങ്ങളുടെ സമരങ്ങള്‍ക്ക് ഫലമുണ്ടായതായി ഇമ്രാന്‍ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പാരാതിക്കാരോടും സര്‍ക്കാര്‍ പ്രതിനിധികളോടും ആവശ്യം വരുമ്പോള്‍ അന്വേഷണ കമ്മിഷന് മുന്നില്‍ ഹാജരാകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷെരീഫിന്റെ മകള്‍ മറിയം, മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കും മരുമകന്‍ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിരുന്നു. ഷെറീഫിന്റെ നാല് മക്കളില്‍ മൂന്ന് പേരുടെ പേരാണ് പനാമ പേപ്പേഴ്‌സില്‍ പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഷെരീഫും കുടുംബവും നിഷേധിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button