കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ, കോടതി വെറുതെവിട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. വീട്ടിലുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകാനും കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കണെമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വണ്ടിപ്പെരിയാര്‍ പൊലീസിനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്റെ അച്ഛന്‍ സുന്ദറും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിയെ വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിച്ചത്.
കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് അര്‍ജുനെ വെറുതെവിടാൻ കോടതി വിധിച്ചത്. 2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കുട്ടി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്.
എന്നാൽ, കുട്ടി പീഡനത്തിന് ഇരയായിരുന്നതായും നടന്നത് കൊലപാതകമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
Post Your Comments