തിരുവനന്തപുരം: തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സർക്കാർ തല നടപടി ഇന്നുണ്ടായേക്കും. സർവീസിൽ നിന്നു ടോം ജോസിനെ നീക്കിയേക്കുമെന്നാണ് സൂചന. ടോം ജോസിനെ സർക്കാർ സർവീസിൽ നിന്ന് മാറ്റിനിർത്തണമെന്ന ശുപാർശ ചെയ്യുന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ റിപ്പോർട്ട് പരിശോധിച്ചാകും നടപടി. ജേക്കബ് തോമസ് ഇന്നു റിപ്പോർട്ട് കൈമാറും. അതേസമയം ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും നിർദേശം കൂടി കണക്കിലെടുത്താകും നടപടി.
യഥാർത്ഥ വരുമാനത്തിൽ നിന്ന് ടോം ജോസ് 62.35ശതമാനം അധിക വരുമാനമുണ്ടാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. 2010 മുതൽ 2016 വരെ 1.19 കോടി രൂപയുടെ അനധികൃത സമ്പാദ്യം ഉണ്ടാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യം വിജിലൻസ് മുവാറ്റുപുഴ കോടതിയിൽ സമർപിച്ച എഫ്ഐആറിലും വ്യക്തമാക്കിയിട്ടുണ്ട്. ആറുവർഷത്തെ ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകളിൽ ഏറെ ദുരൂഹതകളുണ്ടെന്നാണ് വിജിലൻസ് നിഗമനം.
കൂടാതെ പ്രവാസി മലയാളിയും ടോം ജോസിന്റെ സുഹൃത്തുമായ അനിത ജോസുമായുള്ള സാമ്പത്തിക ഇടപാടുകളും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അനിത ടോം ജോസിന്റെ ബിസിനസ് പങ്കാളിയാണെന്നാണ് വിജിലൻസ് സംശയിക്കുന്നത്. തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ അനിതയുമായി ചേർന്ന് ടോം ജോസിന് അക്കൗണ്ടുകളുണ്ടെങ്കിലും ഇടപാടുകൾ കൂടുതലും ടോം ജോസാണ് നടത്തിയിട്ടുള്ളത്. അനിതയുടേതെന്ന് കരുതുന്ന പാസ്ബുക്ക് വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ടോം ജോസ് സർവീസിൽ തുടരുന്നത് ഇതിന് തടസമാവും. സംശയനിവാരണത്തിന് ടോം ജോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും വിശദമായ മൊഴിയെടുക്കൽ. ബാങ്ക് ഇടപാടുകളുടെ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കും.
Post Your Comments