തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണെമന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യ കുഴല്‍നാടന്‍ എംഎൽഎ. സംഭവത്തിൽ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് മാത്യു കുഴല്‍നാടൻ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് തെളിവുകള്‍ നല്‍കിയതായും വിജിലന്‍സ് ഡയറക്ടറെ കണ്ട ശേഷം മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
‘അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ല. ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നതിനോ, മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല താന്‍ ഇത് ഏറ്റെടുത്തത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്നും പ്രതികരിച്ചില്ല,’ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
“പിവി എന്ന പരാമര്‍ശം തന്നെക്കുറിച്ചല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടിയ സാഹചര്യത്തില്‍ ഇതിന്റെ രണ്ടാംഘട്ട പോരാട്ടം ആരംഭിക്കുകയാണ്. അത് നിയമപോരാട്ടമാണ്. അതിന്റെ ഭാഗമായി ഔദ്യോഗിക പരാതിയും ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. പിവി എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അത് ഞങ്ങള്‍ തെളിയിക്കും. തന്റെ നിയമപോരാട്ടത്തിന് പാര്‍ട്ടിയുടെ അനുമതിയും പിന്തുണയും ഉണ്ട്”- മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments