NewsIndia

ജെ എൻയുവിൽ നടക്കുന്നത് എന്താണ്? ഒളിവിൽ പോയ നജീബ് പട്ടികജാതിക്കാരെ പീഡിപ്പിച്ചയാൾ; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം

കെവിഎസ് ഹരിദാസ്

ദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) പുതിയ വിവാദത്തിനു പിന്നിലെ യാഥാർഥ്യമെന്താണ്?. ഒരാഴ്ചയോളമായി ഒരു വിദ്യാർഥിയെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് അവിടത്തെ കുറെ വിദ്യാർഥികൾ തെരുവിലിറങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസം അവർ വൈസ് ചാൻസലർ, രജിസ്‌ട്രാർ തുടങ്ങിയ ഉന്നതോദ്യോഗസ്ഥരെ സർവകലാശാലയിൽ തടഞ്ഞുവെച്ചു. ഇടതുപക്ഷ വിദ്യാർഥികളാണ് സമര രംഗത്തുള്ളത് ; അവർക്കൊപ്പം അവിടത്തെ കുറെ ഇടതു- നക്സൽ ബന്ധമുള്ള അധ്യാപകരുമുണ്ട് എന്നാണ് വാർത്തകൾ കാണിക്കുന്നത്. ഇതിനൊക്കെ കാരണം അവിടെയുള്ള ഒരു വിദ്യാർഥിയെ ഹോസ്റ്റലിൽ നിന്ന് കാണാതായത് സംബന്ധിച്ചാണ്. ഈ സമരമൊക്കെ നടക്കുമ്പോഴും, സമരത്തിന്റെ യഥാർഥ കാരണം, അല്ലെങ്കിൽ സംഭവത്തിന്റെ യഥാർഥ ചിത്രം നമ്മുടെ മാധ്യമങ്ങൾ നൽകുന്നില്ല. യഥാർഥത്തിൽ അവിടെ നടന്നത് പട്ടികജാതി പീഡനമാണ് ; അതിലെ പ്രധാന പ്രതിയാണ് ഇന്നിപ്പോൾ ഒളിവിൽ പോയിട്ടുള്ള നജീബ് അഹമ്മദ്.

കഴിഞ്ഞ കുറച്ചുകാലമായി ജെ എൻ യുവിലെ ഇടതുപക്ഷക്കാർ വല്ലാത്ത ആശങ്കയിലാണ്, മനോ – വിഷമത്തിലാണ്. അവരവിടെ നടത്തിവന്നിരുന്ന പലതും ഇന്നിപ്പോൾ നടക്കാതായിരിക്കുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ മാത്രമല്ല കടുത്ത പാക് അനുകൂല, ചൈന അനുകൂല പ്രവർത്തനങ്ങൾക്കും ഇന്നിപ്പോൾ തടസമായിരിക്കുന്നു. ചില എൻജിഒ- കളുടെ മറവിൽ വിദേശത്തുനിന്നും മറ്റും പലർക്കും ലഭിച്ചിരുന്ന പണവും ലഭിക്കാതായി. അങ്ങിനെ ലഭിച്ച പണത്തിന്റെ ശ്രോതസും അത് ചിലവിട്ടതിന്റെ വിശദാംശങ്ങളുമൊക്കെ ആദായ നികുതി അധികൃതരും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷിക്കാൻ തുടങ്ങിയപ്പോൾ അവിടത്തെ അധ്യാപകരടക്കം പലരും വിഷമവൃത്തത്തിലായി. അവർക്കൊക്കെ നേരിട്ട് പങ്കുണ്ടെന്ന്‌ വ്യക്തമായി എന്നല്ല , അവർ ഉൾപ്പെട്ടതെന്നു അധികൃതർ കരുതുന്ന പ്രവർത്തനങ്ങളാണ് അന്വേഷണ പരിധിയിലെത്തിയത്. അതിന്റെ വിശദാംശങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ. വിദേശ ഫണ്ടിങ് നടക്കുന്നുവെങ്കിൽ ആ പണം എവിടെനിന്നു കിട്ടി, എന്തിനു കിട്ടി, എന്തിനായി ഉപയോഗിച്ചു എന്നതെല്ലാം വ്യക്തമാവണമല്ലോ. രാജ്യത്തെ നിലവിലെ നിയമം അതൊക്കെ അനുശാസിക്കുന്നുമുണ്ട്. കേന്ദ്ര സർക്കാരിനെതിരെ തിരിയാൻ ജെഎൻയുവിലെ ‘ഇടതുപക്ഷ – നക്സലൈറ്റ് ബുദ്ധിജീവികൾ’ തയ്യാറായതിനു പിന്നിൽ ഇതൊക്കെയുണ്ട് എന്നതാണ് കേന്ദ്രവും മറ്റു ഏജൻസികളും വിലയിരുത്തുന്നത്.

അതിനിടെയാണ് അവിടെ ഇത്തവണ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. സാധാരണ നിലക്ക് ഇടതു വിദ്യാർഥി പ്രസ്ഥാനങ്ങൾ എതിരില്ലാതെയെന്നവണ്ണം ജയിച്ചുവന്നിരുന്ന അവിടെ ഇത്തവണ കടുത്ത മത്സരം തന്നെ നടന്നു. മുൻ വർഷത്തേതിൽ നിന്ന് ഭിന്നമായി എസ്എഫ്ഐയും എഐഎസ്‌എഫും മറ്റും കൈകോർത്തുമത്സരിച്ചിട്ടും എബിവിപി ശക്തമായ പ്രകടനം അവിടെ കാഴ്ചവെച്ചിരുന്നു. അയ്യായിരത്തോളം വിദ്യാർഥികളുള്ള സർവകലാശാലയിൽ ഇത്തവണ ഏതാണ്ട് 4,865 ഓളം പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. അതിൽ വിജയിച്ച ഇടതുമുന്നണിക്ക് കിട്ടിയത് ഏതാണ്ട് 1500 മുതൽ 2300 വരെ വോട്ടുകളാണ്; എബിവിപിക്കാവട്ടെ ഏതാണ്ട് ആയിരം വോട്ടു് ലഭിക്കുകയും ചെയ്തു. കുറെ സീറ്റുകളിൽ അത് ആയിരത്തിനടുത്താണ്; കുറെ സീറ്റുകളിൽ ആയിരത്തി ഇരുന്നൂറിന് മുകളിലും . ചതുഷ്കോണ മത്സരങ്ങൾ മുൻപ് നടന്നപ്പോൾ എബിവിപി അവിടെ ജയിച്ചിരുന്നു, ഒരു സീറ്റെങ്കിലും. എന്നാൽ അന്നുപോലും ഇത്രയ്ക്കു വോട്ട്‌ അവർക്കവിടെ ലഭിച്ചില്ല. ഇത് ഇടതുപക്ഷ കോട്ടയിൽ വലിയ ചർച്ചാവിഷയമായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ആ ആശങ്ക അവിടെ അവരിൽ നിലനിൽക്കുന്നതിനിടയിലാണ് ഹോസ്റ്റൽ തിരഞ്ഞെടുപ്പുവരുന്നത്. അതോടെ വലിയ വിഷമം ഇടതുപക്ഷക്കാർക്കിടയിൽ കാണാമായിരുന്നു. അതിന്റെ ബാക്കിയാണ് ഇന്നിപ്പോൾ കാണുന്ന കോലാഹലങ്ങൾ. യഥാർഥത്തിൽ തങ്ങളുടെ നേതാക്കൾക്ക് സംഭവിച്ച അപകടം മറയ്ക്കാൻ അവരിപ്പോൾ പാടുപെടുകയാണ്. കാണാതായ വിദ്യാർത്ഥിയെ കണ്ടെത്താൻ ഇന്നത്തെ ചില അവരുടെ നേതാക്കളെ പിടികൂടി ചോദ്യം ചെയ്താൽ മതിയെന്ന നിഗമനത്തിലാണ് ദൽഹി പോലീസ്. അത് അടുത്ത ദിവസങ്ങളിൽ കാണാനായാൽ അത്ഭുതപ്പെടാനില്ല.

നജീബ് ആണ് കാണാതായ വിദ്യാർത്ഥി. ഇയാള്‍ തന്നെയാണ് ഇതിലെ മുഖ്യപ്രതി എന്നതാണ് അന്വേഷണം കാണിച്ചുതരുന്നത് . യഥാർഥത്തിൽ ഹോസ്റ്റലിൽ സംഘർഷമാരംഭിക്കുന്നത് ഇതേ നജീബ് തന്നെയാണ്. അയാൾ മൂന്ന്‌ വിദ്യാർഥികളെ മർദ്ദിച്ചുവെന്ന പരാതിയാണ് ആദ്യമായെത്തുന്നത്. മർദ്ദനമേറ്റവരിൽ രണ്ടുപേർ പട്ടികജാതിയിൽ പെട്ടവരാണ് എന്നതാണ് അതിലേറെ പ്രധാനം. ഹോസ്റ്റലിലെ തർക്കങ്ങളാണ് അതിനുവഴിവെച്ചത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അത് അവിടെ വല്ലാത്ത അവസ്ഥയുണ്ടാക്കി. പട്ടികജാതിയിൽ പെട്ടവരെ ആക്രമിച്ചത് ഗൗരവമുള്ള പ്രശ്നമാണുതാനും. ഇതോടെ നജീബിന്റെ സഹമുറിയൻ ( റൂം മേറ്റ് ) തനിക്കു അയാളോടൊപ്പം താമസിക്കാൻ പ്രയാസമുണ്ട് എന്നുകാണിച്ചു വാര്ഡന് കത്തുനൽകി. നജീബിന്റെ പെരുമാറ്റം സഹിക്കാനാവുന്നില്ല എന്നും മറ്റുമാണ് അയാൾ വാർഡനെഴുതിയ കത്തിൽ പറയുന്നത്. തിരിച്ചടി ഉണ്ടായേക്കുമെന്നും അത് താനും കാണേണ്ടി (ചിലപ്പോൾ അടി ഏൽക്കേണ്ടിയും) വന്നാലോ എന്ന ഭയവും അതിനുകാരണമായിട്ടുണ്ടാവാം. എന്നാൽ പതിവിനു വിപരീതമായി ക്ഷോഭിതനായി ആക്രമിക്കുന്ന രീതിയിൽ നജീബ് പെരുമാറിയെന്നാണ് ആ സഹപാഠി പറഞ്ഞതത്രെ.

അതോടെ പ്രശ്നം ചൂടായി. ഒരു വിഭാഗം മുസ്‌ലിം വിദ്യാർഥികൾ നജീബിനൊപ്പം അണിനിരന്നപ്പോൾ തെറ്റുചെയ്തത് നജീബാണ് എങ്കിൽ സർവകലാശാല നടപടി എടുക്കണം എന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. ആദ്യം ആരാണ് അടിച്ചത് എന്നും അവർ അന്വേഷിക്കുന്നുണ്ടായിരുന്നു. ആദ്യമടിച്ചത് നജീബാണ് എങ്കിൽ അയാളെ പുറത്താക്കണം എന്നതിൽ എല്ലാവരും സമവായത്തിലെത്തുകയും അത് ഹോസ്റ്റൽ വാർഡനെയും ഹോസ്റ്റൽ പ്രസിഡന്റിനെയും അറിയിക്കുകയും ചെയ്തു. താനാണ് ആദ്യമായി മറ്റുള്ളവരെ അടിച്ചതെന്ന്‌ അവസാനം നജീബ് സമ്മതിച്ചു. അതനുസരിച്ചു അയാൾക്കെതിരെ നടപടിയെടുക്കാൻ ജെഎൻയു പ്രസിഡന്റ് അടക്കമുള്ളവർ മുന്നിലെത്തി. യഥാർത്ഥത്തിൽ പട്ടികജാതി-വർഗ പീഡന നിയമമനുസരിച്ചു നജീബിനെതിരെ കേസെടുക്കണമായിരുന്നു. എന്നാൽ ജെഎൻയു പ്രസിഡണ്ട് അടക്കമുള്ളവർ ഇടപെട്ട്‌ അതൊഴിവാക്കാനും അയാളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കാനും ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ സർവകലാശാല അധികൃതരെ ഏൽപ്പിക്കാനും തീരുമാനിക്കുകയായിരുന്നു. ഈ ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് എസ്‌സി -എസ്‌ടി പീഡന നിയമം ഒഴിവാക്കാമെന്ന് ഹോസ്റ്റൽ വാർഡനും സമ്മതിച്ചത്. ആ നിയമം നടപ്പിലാക്കിയാൽ ജാമ്യമില്ലാത്ത കേസാവുമെന്നു മാത്രമല്ല നജീബിന്റെ ഭാവി തന്നെ അപകടത്തിലാവും. ആക്രമം ഏറ്റുവാങ്ങിയ പട്ടികജാതിക്കാരായ കുട്ടികളും അത് സമ്മതിച്ചിരുന്നു എന്നതും കണക്കിലെടുക്കുക.

ഇക്കാര്യത്തിൽ ഇടതു പക്ഷ സംഘടനകൾ എടുത്ത നിലപാടിനെ ഹോസ്റ്റൽ പ്രസിഡണ്ട് ആലിമുദ്ദിൻ ശക്തമായി വിമർശിച്ചിരുന്നു. അവർ ഇക്കാര്യത്തിൽ വഞ്ചിക്കുകയായിരുന്നുവെന്നും മറ്റും അയാൾ പരസ്യമായി പറയുകയും ചെയ്തു. ഇതോടെ തന്റെ ഭാവി എന്തെന്ന് വ്യക്തമായിരുന്ന നജീബ് അവിടം വിട്ടിറങ്ങുകയായിരുന്നു എന്ന് സഹപാഠികൾ പറയുന്നുണ്ട്. ഐസ എന്ന ഇടതു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഒരു നേതാവിനൊപ്പമാണ് നജീബ് ഹോസ്റ്റൽ വിട്ടിറങ്ങിയത്. അവരൊന്നിച്ചാണ്‌ ഓട്ടോ റിക്ഷയിൽ അവിടെനിന്നും പോയത്. ഇതിനൊക്കെ തെളിവുണ്ട്. കണ്ടവരുമുണ്ട്. പിന്നീടാണ്, നജീബിനെ എബിവിപിക്കാർ മർദ്ദിച്ചുവെന്നും പിന്നീട് കാണാതായി എന്നുംമറ്റുമുള്ള വാർത്തകൾ വരുന്നതും ഒരു കൂട്ടർ സമരമാരംഭിക്കുന്നതും. അന്ന് നജീബിനൊപ്പം ഓട്ടോറിക്ഷയിൽ കയറിപ്പോയ വിദ്യാർഥി അടുത്തദിവസം ക്യാമ്പസിൽ എത്തിയെങ്കിലും പിന്നീട് കണ്ടിട്ടില്ല. അയാളും ഒളിവിലാണ്. അല്ലെങ്കിൽ പോലീസ് അയാളെത്തേടി എത്തുമെന്ന് അവർക്കറിയാം. നജീബിനെയും എവിടെയെങ്കിലും ഒളിപ്പിചിരിക്കാം; അതിനുശേഷം അത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ അവർ തീരുമാനിച്ചിരിക്കാം. സ്വാഭാവികമാണത്. നജീബിനെ അവർ എന്തെങ്കിലും ചെയ്താൽ പോലും അത് വലിയ വിവാദമാവും. ഒരു പക്ഷെ അത്തരമൊരു ‘രാഷ്ട്രീയ ഗെയിം’ ആവാം ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവരുടെ മനസിലുള്ളത് എന്ന് കരുതുന്നവർ സർവകലാശാലയിലും പോലീസിലുമൊക്കെയുണ്ട്. നജീബിനെ മറ്റൊരു രോഹിത് വെമൂലയാക്കാം എന്നതാവണം ചിന്ത എന്ന് പറയുന്നവർ ജെഎൻയു ക്യാമ്പസിലുണ്ട്. അതെന്തായാലും അന്വേഷണം നടക്കുന്നുണ്ട്. അത് ഫലപ്രാപ്തിയിൽ എത്തുമെന്നാണ് എല്ലാവരും കരുതുന്നത്.

യുപി തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ട് ചില ‘സംഭവങ്ങൾ’ പ്രതീക്ഷിക്കണം എന്ന് പറയുന്ന മാധ്യമ പ്രവർത്തകരും മറ്റുമുണ്ട്. ഇതും അതിന്റെ ഭാഗമാവാം എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. പാർലമെന്റിന്റെ സമ്മേളനം അടുത്തിരിക്കുന്നതിനാൽ അവിടെ ഇതുകൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇവിടെ യഥാർത്ഥത്തിൽ തെറ്റുചെയ്തത്, തെറ്റ് സമ്മതിച്ചയുടനെ നജീബിനെതിരെ എസ്‌സി എസ്‌ടി പീഡന നിയമമനുസരിച്ചു കേസ് രെജിസ്റ്റർ ചെയ്യാതിരുന്ന ഹോസ്റ്റൽ വാർഡൻ തന്നെയാണ്. അയാൾ ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ട് പോലിസിനും സർവകലാശാല അധികൃതർക്കും മൊഴി നൽകിയിട്ടുണ്ട്.

ഇതിനു പിന്നിൽ സിപിഎം ആണ് എന്ന് കരുതുന്നവർ അവിടെയുണ്ട് ; അതല്ല ഇത്രയ്ക്കു തരം താണ രാഷ്ട്രീയം അവർ കളിക്കില്ല എന്നും അതിനു പിന്നിൽ കേജരിവാൾ അല്ലെങ്കിൽ ആം ആദ്മി പാർട്ടി ആവാനാണ് സാധ്യത എന്നും പറയുന്നവരുമുണ്ട്. കോൺഗ്രസിന് ഇതിലെന്തു പങ്കു എന്ന് ചിന്തിക്കുന്നവരെയും കാണാം. എന്തായാലും ഇതൊരു രാഷ്ട്രീയ കളിയാണ് എന്നതിൽ ആർക്കും സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button