NewsIndia

മുത്തലാഖിനെ എതിര്‍ത്ത് വനിതാനേതാക്കള്‍

ന്യൂഡൽഹി:മുത്തലാഖ് വിഷയത്തിൽ ദേശീയ തലത്തിൽ പുതിയ സംവാദങ്ങൾ നടക്കവേ മുത്തലാഖിനെ എതിര്‍ത്ത് വനിതാനേതാക്കള്‍ രംഗത്ത്.മണിപ്പുര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള, സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ എം.പി.യുമായ സുഭാഷിണി അലി, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തക ശബ്‌നം ഹശ്മി എന്നിവരാണ് മുത്തലാഖിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുത്തലാഖിന് ഇസ്ലാമികവിരുദ്ധമായ നിര്‍വചനമാണ് പലരും നൽകുന്നത്. അതു തടയണമെന്ന വ്യക്തിപരമായ അഭിപ്രായമാണ് തനിക്കുള്ളതെന്ന് നജ്മാ ഹെപ്തുള്ള അഭിപ്രായപ്പെട്ടു.മൂന്നുപ്രാവശ്യം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ഇസ്ലാമിനു നിരക്കാത്തതും മതത്തിന് ചീത്തപ്പേരുണ്ടാക്കുന്നതുമാണ്. ഭൂരിഭാഗം ഇസ്ലാമികരാഷ്ട്രങ്ങളും ഇസ്ലാമിനെയും ഖുര്‍ആനെയും ശരിയായി നിര്‍വചിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

തലാഖ് ചൊല്ലിയുള്ള വിവാഹമോചനം പുരുഷന്‍മാര്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതും ലിംഗപരമായ വിവേചനവുമാണെന്ന് സുഭാഷിണി അലി ചൂണ്ടിക്കാട്ടുകയുണ്ടായി. വിവാഹമോചനവിഷയത്തില്‍ സ്ത്രീകള്‍ക്കും തുല്യ അവകാശമുണ്ടാവണം. പുരുഷന്‍മാര്‍ക്കുമാത്രം ഏകപക്ഷീയ അവകാശം ഇക്കാര്യത്തില്‍ നല്‍കുന്നത് തെറ്റാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തോട് യോജിക്കുന്നുവെന്നും സുഭാഷിണി അലി വ്യക്തമാക്കി.ഈ വിഷയത്തില്‍ താൻ വിദഗ്ധയല്ല. പക്ഷേ, സാമാന്യനീതിക്ക് നിരക്കാത്തതാണ് മുത്തലാഖ് എന്നത് വ്യക്തമാണ്. ഇക്കാര്യത്തില്‍ മുസ്ലിം മതപണ്ഡിതര്‍ നിലപാട് തിരുത്തണമെന്നും അവർ ആവശ്യപ്പെടുകയുണ്ടായി.

ഒറ്റയടിക്കുള്ള തലാഖ് ചൊല്ലല്‍ ഇസ്ലാമില്‍ ഇല്ലാത്തതാണെന്നും മുത്തലാഖ് അവസാനിപ്പിക്കണമെന്നും ശബ്‌നം ഹശ്മി പറഞ്ഞു. മനുഷ്യരോട് അനീതി കാട്ടുന്നവര്‍ ശരിയായ രീതിയില്‍ മതവിശ്വാസം അനുഷ്ഠിക്കാത്തവരാണെന്ന് പ്രവാചകന്‍തന്നെ പറഞ്ഞിട്ടുണ്ട്. ഇസ്ലാമിനെ ദുരുപയോഗം ചെയ്യുകയും സ്ത്രീകളോട് വിവേചനത്തോടെ പെരുമാറുകയും ചെയ്യുന്നത് തെറ്റാണ്. ക്രൂരതയും അനീതിയും നടന്നാല്‍ സ്ത്രീകള്‍ക്കും വിവാഹമോചനം തേടാന്‍ അവകാശമുണ്ടാവണമെന്നും നജ്മാ ഹെപ്തുള്ള അഭിപ്രായപ്പെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button