സമൂഹമാധ്യമങ്ങളിലെ പൊങ്കാല പുതിയ ട്രെൻഡായി മാറുകയാണ്. എന്തുപ്രശ്നമുണ്ടായാലും ആരുടെയെങ്കിലും പേജില്‍ പോയി തുരുതുരാ കമന്റിടുക എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പാകിസ്താനെതിരെയും രാഷ്ട്രീയ പ്രശ്നങ്ങൾക്കെതിരെയും സമൂഹമാധ്യമങ്ങളിലെ പൊങ്കാലയ്ക്ക് ഒരു അറുതി വന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ തെറിവിളിയും ചീത്തയുമൊന്നുമില്ലാതെ കണ്ണൂരിനെ രക്ഷിക്കാൻ മലയാളികള്‍ കൂട്ടമായി കമന്റ് ചെയ്ത് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തവണ ഈ പൊങ്കാലരാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഫെയ്സ്ബുക്ക് പേജിലാണ്.
കമന്റിംഗ് ആര്‍എസ്എസിന്റെ നേതൃത്വത്തിലെന്ന് തോന്നിക്കുന്ന രീതിയിലാണ് നടന്നിരിക്കുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള ബിജെപി ഐഡികളും ഈ കമന്റിംഗില്‍ ഭാഗമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കണ്ണൂരിനെയും കേരളത്തേയും രക്ഷിക്കണമെന്നും രാഷ്ട്രപതി ഭരിക്കണമെന്നു വരെ കമന്റുകള്‍ നീളുന്നു. ബിജെപിയായിരുന്നു ഈ ആവശ്യവുമായി ബന്ധപ്പെട്ട സമാനമായ മുദ്രാവാക്യങ്ങളുയര്‍ത്തിയത് . കൂടാതെ കണ്ണൂരില്‍ സമാധാനം പുലരുന്നതിനായി, ഇനിയൊരു അക്രമവാര്‍ത്ത കണ്ണൂരില്‍ നിന്ന് കേള്‍ക്കാതിരിക്കാനായി പുതിയൊരു ഹാഷ് ടാഗ് ട്വിറ്ററിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്നുണ്ട്.
മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ സംഭാഷണത്തില്‍ നിന്ന് കടമെടുത്ത #കത്തിതാഴെഇടടാ എന്ന ഹാഷ് ടാഗോടു കൂടിയ പോസ്റ്റുകളാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെങ്ങും തരംഗമായിരിക്കുന്നത്. കേരളത്തിലെ എല്ലായിടങ്ങളില്‍ നിന്നുള്ളവരും കണ്ണൂരിനായി ഒത്തുചേരുന്നുണ്ട്. അക്രമരാഷ്ട്രീയത്തെ എത്രത്തോളം വെറുപ്പോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത് എന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയുടെ ഹാഷ്ടാഗ് പ്രതിഷേധം. കൊലപാതകങ്ങളും അക്രമങ്ങളും ഇല്ലാത്ത കണ്ണൂരിനായി വരും ദിവസങ്ങളില്‍ നവ മാധ്യമങ്ങളിലെ ക്യാംപെയിന് ശക്തമാകുമെന്നാണ് സൂചന.
Post Your Comments