ന്യൂഡല്‍ഹി: ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ചചെയ്യുമെന്നും നടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന് നിയമനങ്ങള്‍ സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
14 ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തിരുത്തല്‍ നടപടി കൈക്കൊള്ളുമെന്നാണ് യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്. ബന്ധു നിയമന വിവാദം സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്.
ഉന്നത തസ്തികകളില്‍ നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചത് വിവാദമായതിനെ തുടര്‍ന്ന് സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തിയറിയിച്ചിരുന്നു. പിണറായിയുടെ ബന്ധുവിനെ അടക്കം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് മതിപ്പില്ലാതാക്കിയെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി ഗൗരവമായ പരിശോധന നടത്തണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എംസി ജോസഫൈന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
നിയമനങ്ങള്‍ സംബന്ധിച്ച് പ്രതിഷേധവുമായി വി.എസ്. അച്യുതാനന്ദന്‍, എം.എം ലോറന്‍സ് എന്നിവരടക്കം സിപിഎമ്മിന്റെ പല മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു.
Post Your Comments