അഞ്ജു പാര്‍വ്വതി
ഏകീകൃത സിവില്‍ കോഡ് എന്ന വാക്ക് വീണ്ടും ഇന്നിന്റെ വാര്‍ത്തകളില്‍ നിറയുമ്പോള്‍ എന്താണ് അതെന്നു കൃത്യമായി നിര്‍വചിക്കാതെ അതിനെതിരെ വാളോങ്ങാന്‍ നില്ക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും .. ജാതി, മത, വര്‍ഗ ഭേദമന്യെ രാഷ്ട്രത്തിലെ ഏതു പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്‍തുടര്‍ച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമ നിര്‍മാണമാണ് ഏകീകൃത സിവില്‍ നിയമംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഇത് എങ്ങനെ ന്യൂനപക്ഷവിരുദ്ധമാകും ? മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ എല്ലാംതന്നെ വ്യക്തിനിയമങ്ങളാണ് ഏറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇന്നിന്റെ ഈ ആധുനിക ഗ്ലോബല്‍ യുഗത്തിലും പിന്തുടരുന്നത്..ചന്ദ്രയാനും മംഗള്‍യാനും ഒക്കെ നമ്മുടെ വിജയമുദ്രകളായി അവരോധിക്കപ്പെടുമ്പോഴും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേല്‍ എത്രത്തോളം ഇടപെടാന്‍ നമ്മുടെ ജനാധിപത്യരാജ്യത്തിന് കഴിഞ്ഞു?? ഇന്നിപ്പോള്‍ ഇവിടെ ക്രിസ്ത്യാനികൾക്ക് ഒരു സിവിൽ നിയമം, മുസ്ലീങ്ങൾക്ക് മറ്റൊരു സിവിൽ നിയമം, മറ്റുള്ളവർക്ക് ഹിന്ദു സിവിൽ നിയമം എന്നിങ്ങനെയാണു നിയമത്തെ തരംതിരിച്ചിരിക്കുന്നത് പോലും.
ഇന്ന് നമ്മുടെ ഭാരതത്തില്‍ വിവാഹം സാധൂകരിക്കണമെങ്കില്‍ ഓരോ വ്യക്തിനിയമങ്ങള്‍ക്ക് അനുസൃതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആവശ്യമാണ്. അതുപോലെതന്നെ വ്യത്യസ്തമാണ് വിവാഹ പ്രായം, വിവാഹ മോചനത്തിന്റെ കാരണങ്ങള്‍, നടപടി ക്രമങ്ങള്‍ എന്നിവയൊക്കെയും.ഒരാള്‍ മരണപത്രം എഴുതി വയ്ക്കാതെ മരണപ്പെടുകയാണെങ്കില്‍ പിന്തുടര്‍ച്ചാവകാശത്തിലും ഈ വ്യത്യസ്തത കാണാന്‍ കഴിയും. ക്രൈസ്തവ പിന്തുടര്‍ച്ചാവകാശനിയമമല്ല ഹിന്ദുക്കളുടെത്..ഇവ രണ്ടില്‍ നിന്നും വ്യത്യസ്തമാണ് ഇസ്ലാം മതത്തില്‍..ഒരൊറ്റ ജനത,പക്ഷേ നിയമത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത നിയമാവകാശങ്ങളും.. ഒരു രാഷ്ട്രമെന്ന നിലയില്‍ പൗരന്മാര്‍ക്കിടയില്‍ വിവേചനമില്ലാത്ത ഏകീകൃത നിയമ നിര്‍മാണം ആവശ്യമാണെന്ന് ഒരു വിഭാഗവും ഇങ്ങനെ നിയമ നിര്‍മാണം നടത്തുന്നത് ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തിനും, അവകാശങ്ങള്‍ക്കും എതിരാണെന്നു മറ്റൊരു വിഭാഗവും വാദിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് നമ്മുടെ ഭരണഘടന തന്നെയല്ലേ? എന്താണ് ഈ വിഷയത്തില്‍ ഭരണഘടനയ്ക്കും അതിന്റെ കാവല്‍ക്കാരായ നീതിപീഠങ്ങള്‍ക്കും പറയാനുള്ളതെന്നു സാധാരണക്കാരായ പൊതുജനങ്ങള്‍ അറിയുക തന്നെ വേണം..ഒപ്പം അതിനു നാന്ദികുറിച്ച ചില കേസുകളെ കുറിച്ചും നമ്മള്‍ അറിയണം..“ഏകീകൃത സിവില്‍ നിയമമെന്നത് രാഷ്ട്രത്തിന് മുഴുവന്‍ ബാധകമായ ഭരണഘടനയുടെ കല്‍പനയാണ്. അതിനെ എതിര്‍ക്കുക എന്നുവച്ചാല്‍ ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാണര്‍ത്ഥം.” ഈ വാക്കുകള്‍ സാധാരണ ഒരു പൗരന്റെ അല്ല.മറിച്ച് നീതിസാരം എന്തെന്ന് അറിയുന്ന
ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടേതാണ്…
ഭരണഘടനയുടെ 44മത്തെ ഖണ്ഡത്തില്‍ ഏകീകൃത സിവില്‍ നിയമം ഇന്ത്യയില്‍ നടപ്പാക്കുന്നതിനുള്ള ശ്രമം രാഷ്ട്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ഒരിക്കലും നല്കിയിരുന്നില്ല..ഈ ബോധപൂര്‍വ്വമായ അശ്രദ്ധയ്ക്ക് മേല്‍ കണ്ണടയ്ക്കാന്‍ പരമോന്നത നീതിപീഠം തയ്യാറായിരുന്നില്ല..അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുപ്പതുകൊല്ലം മുന്‍പുള്ള ഷബാനു ബീഗം കേസ്.മുഹമ്മദ് അഹമ്മദ് ഖാനെന്ന നിയമജ്ഞന്‍ തന്റെ ഭാര്യ ഷബാനു ബീഗത്തെ “ശരിയത്ത്” നിയമ പ്രകാരം മൂന്നു പ്രാവശ്യം തലാക്ക് ചൊല്ലി ബന്ധം ഒഴിഞ്ഞു. എന്നാല്‍ ഷബാനു ബീഗം തനിക്കു ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിമിനല്‍ നടപടി നിയമത്തിലെ 125-ആം വകുപ്പു പ്രകാരം കോടതിയില്‍ അപേക്ഷ നല്‍കി. കീഴ്‌കോടതികള്‍ ഷബാനു ബീഗത്തിന് അനുകൂലമായി വിധിയെഴുതിയപ്പോള്‍ മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചു. താന്‍ മുസ്ലീം ആണെന്നും, ശരിയത്ത് നിയമമാണ് തനിക്കു ബാധകമെന്നും ക്രിമിനല്‍ നടപടി നിയമത്തിലെ ജീവനാംശം സംബന്ധിക്കുന്ന 125-ആമത്തെ വകുപ്പ് പ്രകാരം പ്രവര്‍ത്തിക്കുന്നതിന് തനിക്ക് ബാധ്യതയില്ലെന്നും നിലപാടെടുത്തു. എന്നാല്‍ വ്യക്തി നിയമ പ്രകാരം തലാക്കു ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയാലും മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും വ്യത്യസ്തങ്ങളായ വ്യക്തി നിയമങ്ങള്‍ക്കു ഉപരിയായി ദേശീയ താല്‍പര്യങ്ങള്‍ പരിഗണിക്കുന്ന ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യമെന്ന് കേസിന്റെ വിധി ന്യായത്തില്‍ ചീഫ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡ് എഴുതി.
ഈ സുപ്രധാന വിധിക്കെതിരെ വിവിധ മുസ്ലീം സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങി. ഇത് രാജീവ് ഗാന്ധിയുടെ നേത്രുത്വത്തിലുള്ള അന്നത്തെ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ന്ന് വിവാഹ മോചനം നേടിയ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു നിയമ നിര്‍മാണം നടത്തി സര്‍ക്കാര്‍ ഈ വിധിയെ മറി കടന്നു. ന്യൂനപക്ഷങ്ങൾ അവരുടേതായ വ്യക്തി നിയമങ്ങളുമായി മുന്നോട്ടു പോയപ്പോൾ 1985 ലാണ് കോൺഗ്രസിന്റെ എക്കാലത്തെയും വലിയ മലക്കം മറിച്ചിലുകൾക്ക് ഇന്ത്യ സാക്ഷിയായത്.
ഷബാനു ബീഗം കേസിന്റെ അലയൊലി അടങ്ങിയിരുന്ന സമയത്താണ് ഏകീകൃത സിവില്‍ നിയമങ്ങളുടെ ആവശ്യകത എടുത്തു പറഞ്ഞു സുപ്രീം കോടതി സരള മുഗ്ദള്‍ കേസില്‍ വിധി പറഞ്ഞത്.ഹിന്ദുവായ ഭര്‍ത്താവ് മുസ്ലീം മതം സ്വീകരിച്ച് ശരിയത്ത് നിയമ പ്രകാരം രണ്ടാമതും വിവാഹം കഴിക്കുന്നതിന്റെ സാധുതയാണ് ഈ കേസില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വ്യക്തി നിയമം അനുസരിച്ച് ബഹുഭാര്യത്വം അനുവദനീയമാണെന്ന വാദം കോടതി തള്ളി. ഹിന്ദുവായി വിവാഹം ചെയ്ത വ്യക്തി മതപരിവര്‍ത്തനം നടത്തിയാലും ഹിന്ദു വിവാഹ നിയമം പ്രകാരം ബന്ധം വേര്‍പ്പെടുത്താതെ മറ്റു വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നു കോടതി കണ്ടെത്തി. ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കണമെന്നും നിര്‍ദേശിച്ചു.സരള മുഗ്ദള്‍ കേസിന്റെ വിധി ന്യായത്തില്‍ ജസ്റ്റിസ് ആര്‍ എം സഹായി എഴുതി ”നമ്മുടേത് മതനിരപേക്ഷ, ജനാധിപത്യ, പരമാധികാര രാഷ്ട്രമാണ്. നമ്മുടെ സംസ്‌കാരത്തിലെ സത്തായാണ് മതസ്വാതന്ത്ര്യത്തെ കാണുന്നത്. ഇതിനെതിരെയുള്ള ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പക്ഷേ, മാനുഷികതയ്ക്കും, ആത്മാഭിമാനത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും എതിരായ മതാത്മക പ്രവര്‍ത്തനങ്ങളും നിയമങ്ങളും പുനഃപരിശോധിക്കപ്പെടേണ്ടത് ദേശീയ ഐക്യവും, അഖണ്ഡതയും കാത്തുപരിപാലിക്കാന്‍ അത്യാവശ്യമാണ്.”
മതനിരപേക്ഷത അഥവാ സെക്കുലറിസം എന്ന ഭരണഘടനാ തത്വം ഏകീകൃത സിവില്‍ കോഡ് പ്രകാരം ബലി കഴിക്കപ്പെടുമോ എന്നതാണ് ന്യൂനപക്ഷ സമുദായത്തെ അലട്ടുന്ന സുപ്രധാനപ്രശ്നം?? ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ പരമാധികാര രാഷ്ട്രമാണെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നുണ്ട്. അതിന്‍ പ്രകാരം ഇന്ത്യ എന്ന രാഷ്ട്രത്തിന് ഒരു മതവും ഇല്ല. എന്നാല്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നതിനും, വിശ്വസിക്കാതിരിക്കുന്നതിനും, വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും, മതപരവും ധാര്‍മികവുമായ സംവിധാനങ്ങളും സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനും അവകാശമുണ്ടെന്ന് ഭരണഘടനയുടെ 25,26 ഖണ്ഡങ്ങളില്‍ ഉറപ്പു നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെടേണ്ട എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളും മതസംഘടനകളും കണ്ടില്ലെന്നു നടിക്കുന്ന മറ്റൊരു പ്രസക്തമായ വിവരം മൂന്നാം ഭാഗത്തില്‍ വരുന്നുണ്ട്. അവിടെ പൊതു ജീവിതത്തിലെ ക്രമത്തിനും മൂല്യ ബോധത്തിനും പൊതുജനാരോഗ്യത്തിനും അനുസൃതമായ തരത്തിലായിരിക്കണം ഈ അധികാരങ്ങള്‍ വിനിയോഗിക്കപ്പെടേണ്ടത് എന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്.അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മതവിശ്വാസത്തിന്റെ പേരില്‍ പൗരന്മാരോട് വിവേചനം കാണിക്കാത്തതാണ് മതനിരപേക്ഷതയെന്നാണ്. ഈ വസ്തുത തിരിച്ചറിയുന്ന എത്ര പേര്‍ നമുക്കിടയിലുണ്ട്?
എങ്ങനെയാണ് ഈ മതനിരപേക്ഷത യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുക? ഭരണഘടനയുടെ അന്തസത്ത ഉള്‍കൊണ്ട് വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും ആദരിക്കുകയും അവയിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ആരാധനാക്രമങ്ങളെയും ഹനിക്കാതിരിക്കുകയും പൗരന്റെ ആത്മീയതയും രാഷ്ട്രത്തിന്റെ പരമാധികാരവും കൃത്യമായി വേര്‍തിരിച്ചു കാണുകയും ചെയ്യുമ്പോഴാണ് വിശാലമായ അര്‍ഥത്തില്‍ മതനിരപേക്ഷത യാഥാര്‍ഥ്യമാകുക. അത് തന്നെയാണ് ഭരണഘടനയില്‍ പ്രതിപാദിക്കുന്ന ഏകീകൃതസിവില്‍കോഡ്. ഒന്ന് വ്യക്തിപരമായ വിശ്വാസത്തിനും മതത്തിനും മതപ്രവര്‍ത്തനത്തിനും സ്വാതന്ത്ര്യം നല്‍കുമ്പോള്‍ മറ്റൊന്ന് പൗരന്മാര്‍ക്ക് വിവേചനമില്ലാത്ത ഭൗതിക അവകാശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. വ്യക്തികളുടെ വിശ്വാസങ്ങളും ആ വിശ്വാസത്തെ രൂപപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ചുകൊണ്ടു തന്നെ സ്വത്തിന്‍ മേലുള്ള അവകാശം, ജീവനാംശം, വിവാഹം എന്നിവയ്ക്ക് ഏകീകൃതമായ നിയമ സംവിധാനം സാധ്യമാക്കുകയാണ് ഏകീകൃത സിവില്‍കോഡിലൂടെ ചെയ്യേണ്ടത്.. ഇതിന്മേലുള്ള ഏറ്റവും വലിയ പ്രയോജനം ലഭിക്കുക നാനാമതത്തിലുള്ള സ്ത്രീജനങ്ങള്‍ക്ക് തന്നെയാണ്.
ആരാണ് എന്നും എകീകൃതസിവില്‍ കോഡിനു എതിരെ നില്ക്കുന്നവര്‍?? മതന്യൂനപക്ഷങ്ങളുടെ വേവലാതി നമ്മുക്ക് സാധൂകരിക്കാം. പക്ഷേ ഈ മതന്യൂനപക്ഷങ്ങളെ ഇളക്കി ഏകീകൃതസിവില്‍കോഡ് എന്നാല്‍ ഹിന്ദുത്വ നിയമങ്ങളാണ് എന്ന് വരുത്തിതീര്‍ക്കുന്നത് ആരാണ്? അവരാണ് നമ്മുടെ ഇടതുവലതു സര്‍ക്കാരുകള്‍..ഏകീകൃതസിവില്‍കോഡിനുവേണ്ടി ശക്തമായി വാദിച്ച നേതാവായിരുന്നു നെഹ്‌റു.. ഹിന്ദുക്കളുടെ വ്യക്തിനിയമങ്ങൾ സമഗ്രമായി പരിഷ്കരിക്കുന്നതിനായി നെഹ്രുവിന്റെ ആദ്യ മന്ത്രിസഭയുടെ കാലത്ത് കൊണ്ടു വന്ന ഹിന്ദു കോഡ് ബില്ല് കോൺഗ്രസുകാരുടെ തന്നെ എതിർപ്പു മൂലം പിൻവലിക്കേണ്ടി വന്നിരുന്നു. അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പോലും ബില്ലിന് എതിരായിരുന്നു. ഇതിന്റെ പേരിലാണ് ഡോ. ബി. ആർ. അംബേദ്കർ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു പുറത്തു പോയത്. ഈ ചരിത്രസത്യങ്ങളെ കണ്ടില്ലെന്നു വരുത്തി ജനങ്ങളുടെ മനസ്സില്‍ ജാതിമത വൈരം വരുത്തുകയാണ് “മതേതരം” വെറും വാക്കുകളില്‍ പ്രസംഗിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി.. ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും ഭരണകൂടം ഇടപെടുന്നത് ഇന്ത്യൻ മതനിരപേക്ഷതയുടെ ഒരു സ്വഭാവം കൂടിയാണ്. തീവ്രമായ ജാതീയതയിൽ അടിസ്ഥാനമായിരിക്കുന്ന ഭൂരിപക്ഷ മതത്തെ സമൂഹിക നീതിയിലേക്കും സമത്വത്തിലേക്കും അടുപ്പിക്കുക എന്നതാണ് ആ സമീപനത്തിന്റെ കാതൽ. അതോടൊപ്പം ഈ മതേതര സമീപനം ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യത്തിൽ കൂടുതൽ അയവുള്ളതായ സമീപനം സ്വീകരിക്കുന്ന ഒന്നു കൂടിയാണ്. ഇതിനെ വിവേചനമായി കണക്കാക്കുവാൻ ആവുമോ?ഒരു ജനത-ഒരു രാഷ്ട്രം എന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുസിവില്‍ നിയമത്തെക്കുറിച്ച് ഭരണഘടന വിഭാവനം ചെയ്തതെങ്കില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മില്‍ത്തല്ലിച്ചും അനര്‍ഹമായ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും പ്രീണിപ്പിച്ച് സ്വാര്‍ത്ഥലക്ഷ്യപൂര്‍ത്തീകരണം നടത്തുന്ന രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇതിനു വിലങ്ങുതടിയാവുന്നത്..
വർത്തമാനകാല രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ സിവില്‍കോഡിനെ എതിർക്കുന്നത് സിവില്‍കോഡിനായി വാദിച്ച, പ്രയത്നിച്ച നെഹ്‌റുവിന്റെ പിന്തുടർച്ചക്കാരാണെന്നുള്ളതാണ് വിരോധാഭാസം.
യശശരീരനായ കമ്യൂണിസ്റ്റു നേതാവ്, ഇ എം എസ് ഒരിക്കല്‍ ശരിയയില്‍ അധിഷ്ടിതമായ മുസ്ലിം വ്യക്തി നിയമം മാറ്റി, ഒരു പൊതു നിയമം വേണം എന്ന് പറഞ്ഞു. അന്ന് അതിനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ച സംഘടന ആയിരുന്നു മുസ്ലിം ലീഗെന്ന മത രാഷ്ട്രീയ സംഘടന. അന്ന് പ്രകടനം നടത്തിയ ലീഗുകാര്‍ വിളിച്ച മുദ്രവാക്യങ്ങളില്‍ ഒരെണ്ണം മൂന്നും കെട്ടും നാലും കെട്ടും, ഇ എം എസിന്റെ മോളേം കെട്ടും എന്നായിരുന്നു. ഇന്ന്‍ അതേ ആചാര്യന്റെ അനുയായികളാണ് ഏകീകൃതസിവില്‍കോഡിനെ അങ്ങേയറ്റം എതിര്‍ക്കുന്നത്..ഒരു സ്ത്രീയും തന്റെ ഭര്‍ത്താവിന്റെ പല ഭാര്യമാരില്‍ ഒരാളായി ഇരിക്കാന്‍ ആഗ്രഹിക്കില്ലായെന്നതാണ് യഥാര്‍ത്ഥ വസ്തുത. അത് മനസിലാക്കാന്‍ ഞാനെന്ന സ്ത്രീ ഇസ്ലാമായി ജനിക്കണം എന്നില്ല.. ഒരിസ്ലാമിക രാജ്യത്ത് അധ്യാപികയായി ജോലി ചെയ്യുന്ന ഞാന്‍ ഒരുകാലത്ത് അറബികല്യാണമെന്ന പേരില്‍ നമ്മുടെ നാട്ടില്‍നിന്നും വിവാഹംകഴിച്ചുപോയ പല സ്ത്രീകളെയും കണ്ടിട്ടുണ്ട്..ഉണ്ടും ഉടുത്തും കഴിയുന്ന അവരില്‍ പലരും അവരുടെ ഭര്‍ത്താക്കന്മാരുടെ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യമാരാണ്..അവരാരും മനസ്സുകൊണ്ട് സന്തോഷവതികളായി എനിക്ക് തോന്നിയിട്ടും ഇല്ല..
നമ്മുടെ ഈ കൊച്ചുകേരളത്തില്‍ തന്നെ കഴിഞ്ഞ വര്‍ഷം “തലാഖ്” ഒരു പെണ്ണിനെ എത്രമേല്‍ കരയിപ്പിച്ചുവെന്നു നമ്മള്‍ കണ്ടതാണല്ലോ ..യൂത്ത് കോൺഗ്രസ് സെക്രട്ടറി ടി.സിദ്ദിഖിന്റെയും കാന്‍സര്‍ രോഗബാധിതയായ അദ്ദേഹത്തിന്റെ മുന്‍ഭാര്യ നസീമയുടെയും വിവാഹമോചനം കേരളത്തില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയത് ആണല്ലോ. ഭാര്യയെ എന്തുകൊണ്ട് വിവാഹമോചനം ചെയ്യുന്നു എന്നതിനു കുറച്ച് കാരണങ്ങൾ എഴുതിയിട്ട് തലാഖ് എന്ന് മൂന്നുതവണ എഴുതിയ ഒരു കത്ത് പോസ്റ്റ് ചെയ്തു സിദ്ദിഖ് വിവാഹമോചനം നടത്തിയത് ഈ പ്രബുദ്ധകേരളത്തിലാണ്.അതും മതേതരം കാത്തുസൂക്ഷിക്കുന്ന ഇടതുവലതു സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുന്ന ഈ കേരളത്തില്‍…ഇന്ത്യൻ മുസ്ലീങ്ങളുടെ വിവാഹമോചന നിയമങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് പരിഷ്‌കരിക്കണം എന്ന് ഏതെങ്കിലും ഇസ്ലാംസംഘടനയോ രാഷ്ട്രീയസംഘടനയോ അഭിപ്രായം പറഞ്ഞോ? അതാണ് കപടമതേതരത്വം..ജിഷയ്ക്കും സൌമ്യയ്ക്കും വേണ്ടി കരയും.പക്ഷേ സ്ത്രീപരിരക്ഷ നിയമവിധേയമാകുന്ന നേരത്ത് എതിര്‍ക്കും..ഇതാണ് നമ്മുടെ രീതി.
‘രാഷ്ട്രങ്ങള്‍ തകരുന്നത് പുറത്തുനിന്നുള്ള വെല്ലുവിളി കൊണ്ടല്ല, മറിച്ച് ആന്തരിക ശൈഥില്യം കൊണ്ടാണെന്ന് ആര്‍നോള്‍ഡ് ടോയന്‍ബി പറഞ്ഞിട്ടുള്ളത് എത്രമേല്‍ വാസ്തവമാണെന്ന് കാട്ടിത്തരുന്നു ഇന്നത്തെ രാഷ്ട്രീയക്കാരുടെ സിവില്‍ കോഡിനെതിരെയുള്ളപ്രതിഷേധങ്ങള്‍..ഭരണഘടനയ്ക്കുമുന്നില്‍ എല്ലാവരും തുല്യരാണെന്ന് പറയുന്ന ഭാരതത്തില്‍ ഒരേ കാര്യത്തില്‍ വ്യത്യസ്ത സിവില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നത് ‘ഒരു രാഷ്ട്രം, ഒരു ജനത, ഒരു നിയമം’ എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമല്ലേ?? നാനാത്വത്തില്‍ ഏകത്വമെന്ന മൂല്യത്തെ സംരക്ഷിച്ചുകൊണ്ട് .എല്ലാ വിഭാഗങ്ങളിലേയും നല്ല വശങ്ങള്‍ സ്വാംശീകരിച്ച് ജനതയ്ക്ക് ഉപകാരപ്രദമാകുന്ന നിയമം സൃഷ്ടിക്കലാണ് ഏകീകൃത സിവില്‍കോഡ് കൊണ്ട് ഉദേശിക്കുന്നത്. എല്ലാ മതങ്ങളുടേയും നന്മയെ സ്വാംശീകരിച്ചുകൊണ്ടുള്ള പൊതുനിയമ വിധേയമായ വൈവിധ്യസമൂഹമാണ് അതുകൊണ്ട് നടപ്പിലാവുന്നത്. രാഷ്ട്രീയലാക്കോടു കൂടി വിഷയത്തെ സമീപിക്കുമ്പോൾ മാത്രമാണ് ഏക സിവിൽ കോഡ് എതിർക്കപ്പെടുന്നത്. ഇന്ന് തലാക്ക് വാട്സാപ്പ് വരെ എത്തി നിൽക്കുന്ന ഈ അവസ്ഥയിലും വിവാഹ മോചനത്തിന് വർഷങ്ങൾ എടുക്കുന്ന സ്ഥിതി വിശേഷത്തിലും ബഹുഭാര്യത്വത്തെ സ്ത്രീസമൂഹം ഒന്നായി എതിര്‍ക്കുന്ന ഈ അവസ്ഥയിലും ഏകീകൃതസിവില്‍ കോഡ് ഇന്നിന്റെ അനിവാര്യതയാണ്. അതു കൊണ്ടു തന്നെ ഇടതു പക്ഷമായാലും കോൺഗ്രെസ് ആയാലും ബിജെപി ആയാലും ഇതിനെ സമീപിക്കേണ്ടത് അതിന്റെ സാമൂഹ്യ ആവശ്യകത കണ്ടറിഞ്ഞാണ്. അല്ലാതെ രാഷ്ട്രീയലാക്കോടെ അല്ല. ഒപ്പം സാമാന്യചരിത്രമെങ്കിലും അറിഞ്ഞിരിക്കേണ്ടത് ഒരു ശരാശരി പൗരന്റെ ആവശ്യകത കൂടിയാണ് താനും..
Post Your Comments