
ഉത്തരാഖണ്ഡ്: ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ച ഏകീകൃത സിവിൽ കോഡ് ബിൽ ബുധനാഴ്ച ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, തത്സമയ ബന്ധങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന പഴയ വ്യക്തിനിയമങ്ങൾ മാറ്റിസ്ഥാപിക്കുന്ന ബിൽ, സഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യത്തിനിടെയാണ് ബിൽ പാസാക്കിയത്.
വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്ക് ഒരുനിയമം ബാധകമാക്കുന്നതാണ് ഈ ബിൽ. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലം മുതല്‍ ഗോവയില്‍ ഏക സിവില്‍ കോഡ് നിലവിലുണ്ട്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം ഒരു നിയമസഭയില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത് ആദ്യമാണ്.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ:
- സംസ്ഥാനത്ത് വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന പങ്കാളികള്‍ക്ക് ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ സ്വത്തവകാശങ്ങളുമുണ്ടാകും.
- ഉത്തരാഖണ്ഡ് നിവാസികളല്ലാത്ത അവിവാഹിതപങ്കാളികളും രജിസ്റ്റര്‍ചെയ്യണം. ഇവരിലൊരാള്‍ മൈനറായാല്‍ രജിസ്‌ട്രേഷന്‍ പറ്റില്ല.
- പങ്കാളികളിലൊരാളുടെ പ്രായം 21 വയസ്സില്‍ കുറവാണെങ്കില്‍ രക്ഷിതാക്കളെ രജിസ്ട്രാര്‍ വിവരമറിയിക്കണം.
- പങ്കാളികളിലൊരാളെ ബലം പ്രയോഗിച്ചോ, യഥാര്‍ഥ വ്യക്തിത്വം മറച്ചുവെച്ചോ ആണ് കൂടെപ്പാര്‍പ്പിച്ചിരിക്കുന്നതെങ്കിലും രജിസ്‌ട്രേഷന്‍ അനുവദിക്കില്ല.
- രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ആറുമാസംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ.
- ലിവ് ഇന്‍ റിലേഷനിലുള്ള പുരുഷപങ്കാളിയാല്‍ സ്ത്രീപങ്കാളി വഞ്ചിക്കപ്പെട്ടാല്‍ അവര്‍ക്ക് ജീവനാംശം പുരുഷപങ്കാളി നല്‍കണം. അല്ലാത്തപക്ഷം സ്ത്രീക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം.
Post Your Comments