ബാരാമുള്ള/ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരസംഘടന ലഷ്കര്‍-ഇ-തോയ്ബയ്ക്കാണ് അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായതെന്ന് സൈന്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമണം നടന്നയുടനെ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്ത പാക് സൈനികഘടകങ്ങളുടെ റേഡിയോ സംഭാഷണങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് സൈന്യം ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. ലഷ്കറിന്റെ 20 ഭീകരര്‍ സൈന്യത്തിന്റെ അക്രമണത്തില്‍ കാലപുരി പൂകി.
ഇന്ത്യന്‍ സൈന്യത്തിന്റെ വിശകലന റിപ്പോര്‍ട്ട് അനുസരിച്ച് വിവിധ പാകിസ്ഥാനി സൈനികഘടകങ്ങളുടെ റേഡിയോ സംഭാഷണങ്ങള്‍ ശ്രവിച്ചതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത് ലഷ്കറിനാണ് ഏറ്റവും വലിയ നാശനഷ്ടം ഉണ്ടായതെന്നാണ്. പാക്-അധീന-കാശ്മീരിലെ ഡണ്ടിയല് ഭീകരക്യാമ്പില്‍ തമ്പടിച്ചിരുന്ന ലഷ്കര്‍ ഭീകരരാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിനച്ചിരിക്കാതെയുള്ള അക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സൈന്യത്തിന്റെ അഞ്ച് പ്രത്യേക ദൗത്യസംഘങ്ങളാണ് ഭീകരക്യാമ്പുകള്‍ തകര്‍ക്കാനായി നിയോഗിക്കപ്പെട്ടത്. പാക്-അധീന-കാശ്മീരിലെ കേല്‍, ഡണ്ടിയല് എന്നിവടങ്ങളിലെ ഭീകരക്യാമ്പുകളാണ് സൈന്യം പ്രധാനമായും ലക്ഷ്യം വച്ചത്.
നിയന്ത്രണരേഖയ്ക്ക് 700-മീറ്റര്‍ അടുത്തുള്ള ഒരു പാക്-സൈനിക പോസ്റ്റിന്റെ സംരക്ഷണയില്‍ തയാറാക്കിയിരുന്ന നാല് ഭീകരക്യാമ്പുകളാണ് സെപ്റ്റംബര്‍ 28-29 രാത്രിയില്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് കടന്നുകയറിയ ഇന്ത്യന്‍ സൈന്യം ആദ്യം തകര്‍ത്തത്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന ഭീകരര്‍ പൊടുന്നനെയുള്ള അക്രമണത്തില്‍ അസ്തപ്രജ്ഞരായി പോകുകയും , ഉള്ള ജീവനുംകൊണ്ട് പാക് സൈനികപോസ്റ്റിനു നേരേ ഓടുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ ഓടിയ ലഷ്കര്‍ ഭീകരര്‍ എല്ലാംതന്നെ സൈന്യത്തിന്റെ വെടിയുണ്ടകള്‍ക്കിരയായി.
അക്രമണം കഴിഞ്ഞ് പ്രത്യേക ദൗത്യസംഘങ്ങള്‍ പിന്‍വാങ്ങിയതിന്റെ ഒപ്പംതന്നെ സൈന്യത്തിന്റെ സാങ്കേതികവിഭാഗം പാക് സൈനികഘടകങ്ങള്ക്കിടയില് പ്രവഹിക്കാന്‍ തുടങ്ങിയ റേഡിയോ സന്ദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയിരുന്നു. സെപ്റ്റംബര്‍ 29 നേരം പുലരുന്നതു വരെ അക്രമണം നടന്ന ഭാഗങ്ങളില്‍ പാക് സൈനികവാഹനങ്ങള്‍ തിരക്കിട്ട് വന്നും പോയുമിരുന്നു. ഭീകരക്യാമ്പുകളുടെ സമീപപ്രദേശങ്ങളില്‍ ചിന്നിച്ചിതറി കിടന്നിരുന്ന ഭീകരരുടെ ശവശരീരങ്ങള്‍ ഈ സൈനികവാഹനങ്ങളില്‍ കൊണ്ടുപോയി മറവുചെയ്ത് നേരം പുലര്‍ച്ചെയായപ്പോഴേക്കും പാക്സൈന്യം തെളിവുകള്‍ നശിപ്പിച്ചു കഴിഞ്ഞിരുന്നു. നീലം താഴ്വരയില് ഭീമന്‍കുഴി വെട്ടിയാണ് ഭീകരരെ മറവുചെയ്തതെന്നും റേഡിയോ സന്ദേശങ്ങളില്‍ നിന്ന് ഇന്ത്യന്‍ സൈന്യം തത്സമയം മനസിലാക്കിയിരുന്നു.
ബാല്‍നോയി മേഖലയിലുള്ള ഭീകരക്യാമ്പിലും ഇതേസമയം തന്നെ ഇന്ത്യന്‍ സംഘം അക്രമണം നടത്തിയിരുന്നു. ഇവിടെ വച്ചാണ് പാകിസ്ഥാന്റെ 8 നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ രണ്ട് സൈനികരും ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ക്ക് ഇരയായത്. പക്ഷേ, സെപ്റ്റംബര്‍ 29 പുലര്‍ച്ചെ 8:30-ന് ശേഷം പാക് സൈനികഘടകങ്ങള്ക്കിടയിലുള്ള റേഡിയോ സംഭാഷണങ്ങള്‍ മരവിപ്പിച്ച നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments