ഇസ്ലാമാബാദ്: 2018ൽ അധികാരത്തിലെത്തിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വെല്ലുവിളിയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. അവിശ്വാസ വോട്ടിലൂടെ അദ്ദേഹത്തെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു. തനിക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടയിലും വിശ്വാസം കൈവിടാതെ ഇമ്രാൻ ഖാൻ രംഗത്ത് തന്നെയുണ്ട്. പ്രധാനമന്ത്രി സ്ഥാനം അങ്ങനെയങ്ങ് രാജിവെച്ച് ഒഴിയാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി.
തന്നെ തോൽപ്പിക്കാൻ പ്രതിപക്ഷം എല്ലാ കാർഡുകളും പുറത്തെടുക്കുമെന്ന കാര്യം തനിക്കറിയാമെന്ന് സൂചിപ്പിച്ച ഇമ്രാൻ ഖാൻ, തനിക്കെതിരെ അവർ കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളുമെന്ന പ്രതീക്ഷയിലാണ്. സൈന്യവും കൈവിട്ടതോടെ സർക്കാരിനെ രക്ഷിച്ചു നിർത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഇമ്രാൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റവും പണപ്പെരുപ്പവും അഭിമുഖീകരിക്കുന്ന പാകിസ്ഥാനിൽ ഭരണപ്രതിസന്ധി രൂക്ഷമായെന്ന വാദം അടിവരയിടുകയാണ് പ്രതിപക്ഷം. ഇമ്രാൻ ഖാനെ പുകച്ച് പുറത്തുചാടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഇവർ. പ്രതിപക്ഷകക്ഷിയായ പിഎംഎൽ– നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാർ ഒറ്റക്കെട്ടായി അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുന്നതും ഇതിനു വേണ്ടി തന്നെ.
അവിശ്വാസ പ്രമേയത്തിനുള്ള നടപടികൾ ഇന്നലെ ആരംഭിച്ചു. പ്രധാനമന്ത്രി കസേരയിൽ നിന്നും ഇമ്രാൻ ഖാൻ ഒഴിഞ്ഞുപോകേണ്ടി വരുമോയെന്ന് അറിയാൻ ഏഴ് ദിവസമെടുത്തേക്കാം. അദ്ദേഹത്തിന്റെ 20 ഓളം നിയമസഭാംഗങ്ങൾ കൂറുമാറിയതിനൊപ്പം, അദ്ദേഹത്തിന്റെ ചില സഖ്യകക്ഷികളും പ്രതിപക്ഷത്ത് ചേരാനൊരുങ്ങുകയാണ്. ഇതും ഇമ്രാൻ ഖാന് തിരിച്ചടിയാകും. സമ്പദ്‌വ്യവസ്ഥയും വിദേശനയവും തെറ്റായ രീതിയിലാണ് ഇമ്രാൻ ഖാൻ കൈകാര്യം ചെയ്യുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടുപിടുത്തം. ഇതിനെ പൂർണമായും തള്ളുകയാണ് പാക് പ്രധാനമന്ത്രി.
Also Read:കഞ്ചാവും മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
‘ഞാൻ എന്തിന് രാജി വയ്ക്കണം? കള്ളന്മാരുടെ താൽപ്പര്യത്തിന് വഴങ്ങിയല്ലല്ലോ ഞാൻ പാക് നേതാവായത് ? വീട്ടിൽ പണിയൊന്നുമില്ലാതെ ഞാൻ ചടങ്ങിക്കൂടുമെന്ന് പ്രതിപക്ഷം ആശിക്കുന്നുവെങ്കിൽ അത് അസ്ഥാനത്താണ്. എന്തൊക്കെ സംഭവിച്ചാലും ഞാൻ രാജി വയ്ക്കില്ല. ഒരു പോരാട്ടവുമില്ലാതെ ഞാൻ അങ്ങനെ കീഴടങ്ങുമെന്ന് ആരും കരുതണ്ട. വഞ്ചകരുടെ സമ്മർദ്ദത്തിന് വഴങ്ങി ഞാൻ എന്തിനാണ് രാജിവെക്കേണ്ടത്? ’- ഇമ്രാൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
രാഷ്ട്രീയ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് പാക് പ്രധാനമന്ത്രി ഇപ്പോൾ. ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിയും ഇതുവരെ അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കിയിട്ടില്ല എന്ന വസ്തുത കൂടി ഇതിനോടൊപ്പം വായിക്കുമ്പോൾ, ഇമ്രാന്റെ കാര്യത്തിൽ തീരുമാനമാകുമെന്ന് ആണ് ഭൂരിഭാഗവും കരുതുന്നത്. 2023 അവസാനമാണ് രാജ്യത്ത് അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുക. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നേരത്തെ നടത്താൻ, സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് അറിയിച്ചു.
Post Your Comments