ഡൽഹി: പാകിസ്ഥാനില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ സൈന്യത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് പാകിസ്ഥാന്‍ അംബാസിഡർ അബ്ദുള്‍ ബാസിദ്. പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഭീകരാക്രണം നടക്കുന്നതെന്ന ഇന്ത്യയുടെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അബ്ദുള്‍ ബാസിദിന്റെ വെളിപ്പെടുത്തല്‍.
പാകിസ്താന്റെ അതിര്‍ത്തിരാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ പാകിസ്ഥാന്‍ സൈന്യത്തിനു സ്വാധീനമുണ്ടെന്നാണ് ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണർ അബ്ദുള്‍ ബാസിദിന്റെ വെളിപ്പെടുത്തല്‍. അതിർത്തിയിലെ ഭീകരപ്രവർത്തനം പാക് സൈന്യത്തിന്റെ പിന്തുണയോടെയാണെന്നാണ് ഇന്ത്യയുടെ ആരോപണം. പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയെന്ന് നിശ്ചയിക്കുന്നത് സൈന്യവുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കുമെന്നും അബ്ദുള്‍ ബാസിദ് വ്യക്തമാക്കി.
ഇതേ രീതിയാകും ഇന്ത്യയിലുമെന്ന് അദ്ദേഹം ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.സെപ്റ്റംബര്‍ 29ന് അതിര്‍ത്തി കടന്നുള്ള മിന്നലാക്രണം നടന്നിട്ടില്ലെന്നും സാധാരണ നടക്കാറുള്ള വെടിവെയ്‌പ്പാണെന്നും ഇതില്‍ രണ്ട് പാക് സൈനികര്‍ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ ആണവ ആക്രമണം നടത്താനുള്ള ചിന്ത തന്നെ ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു. പാക് സര്‍ക്കാരും സൈന്യവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. ഇതിനിടെ ഇന്ത്യ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്ത് വിടില്ലെന്ന് വ്യക്തമാക്കി.
Post Your Comments