മുംബൈ● 246 പേരുമായി ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പറന്നുയര്‍ന്ന ജെറ്റ് എയര്‍വേയ്സ് വിമാനം ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് 30 ന് നടന്ന സംഭവത്തിന് ഉത്തരവാദിയായ പൈലറ്റിനെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ബോയിംഗ് 777-300ER വിമാനം റണ്‍വേ പൂര്‍ണമായി ഉപയോഗിക്കാതെ വളരെ നേരത്തെ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഇത് മൂലം വിമാനത്താവളത്തിന്റെ മതിലിന് തൊട്ടരികിലൂടെ പറന്നുയര്‍ന്ന വിമാനം അപകടത്തില്‍ നിന്ന് തലനാരിയ്ക്കാണ് രക്ഷപ്പെട്ടത്. പൈലറ്റിന്റെ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന്‍ പ്രഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ ഡി.ജി.സി.എ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇതിനായി ജിതേന്ദ്ര സിംഗ് അധ്യക്ഷനായി രണ്ടംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്.
വിമാനം താഴ്ന്നുപറക്കുന്നതായി പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
231 യാത്രക്കാരും രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പടെ 15 ജീവനക്കരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജെറ്റ് എയര്‍വേയ്സിന്റെ VT-JEK രജിസ്ട്രേഷനിലുള്ള വിമനമാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.
സംഭവത്തില്‍ വിമാനത്തിനോ യാത്രക്കാര്‍ക്കോ ജീവനക്കര്‍ക്കോ നാശനഷ്ടമോ, പരിക്കോ ഉണ്ടായിട്ടില്ലെന്ന് ജെറ്റ് എയര്‍വേയ്സ് പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments