ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസിയ ബീബിയെ മോചിപ്പിക്കാന്‍ ക്രൈസ്തവ ലോകം ഒന്നടങ്കം പ്രാര്‍ത്ഥിക്കുന്നു. പ്രവാചക നിന്ദാ കുറ്റം ചുമത്തിയാണ് ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയെ പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. കേസില്‍ സുപ്രീംകോടതി അന്തിമ തീരുമാനം പുറപ്പെടുവിക്കാനിരിക്കെ ഈ മാസം 12ാം തീയ്യതി പ്രാര്‍ത്ഥന ദിനം ആചരിക്കും.
ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് എന്ന സംഘടനയാണ് 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്നത്. ആസിയ ബീബിയെ മോചിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
2009 ല്‍ ആണ് ആസിയാ ബീബിയെ വധിക്കുവാന്‍ കീഴ്ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്‌ക്കെതിരെ വ്യാജകേസ് നല്‍കുകയായിരുന്നു. ആസിയ ബീബി ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്.
2009 ല്‍ തുടങ്ങിയ ജയില്‍വാസം ഇന്നും തുടരുകയാണ്. പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലിലാണ് ഇപ്പോള്‍ ആസിയ ബീബി. വരാനിരിക്കുന്ന സുപ്രീംകോടതി വിധിയിലാണ് ഏക പ്രതീക്ഷ.
ആസിയ ബീബിയെ ജയിലിനുള്ളില്‍ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരു മുസ്ലീം പണ്ഡിതന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി ഇവരെ ഏകാന്ത തടവറയില്‍ പാര്‍പ്പിക്കുകയായിരുന്നു. ആസിയ ബീബിക്ക് വേണ്ടി മാത്രമല്ല ആസിയയുടെ കേസ് കോടതിയില്‍ വാദിച്ച സൗഫുള്‍ മലൂക്ക് എന്ന അഭിഭാഷകന്റെ സംരക്ഷണത്തിനും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നാണ് ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ആഹ്വാനം ചെയ്തിരിക്കുന്നത്.
Post Your Comments