ശ്രീനഗർ: പ്രതിഷേധക്കാരെ പിരിച്ചുവിടാനായി ജമ്മുകാശ്‌മീരിൽ സുരക്ഷാ സേന ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകൾ നിരോധിക്കാനാവില്ലെന്ന് ജമ്മു കാശ്‌മീർ ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ പ്രതിഷേധക്കാരെ നേരിടാൻ സൈന്യം നടത്തിയ നടപടികൾ ഉചിതമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പെല്ലറ്റ് തോക്കുകൾ നിരോധിക്കണമെന്ന് കാട്ടി ജമ്മുകാശ്‌മീർ ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഏത് തരത്തിലുള്ള മാർഗമാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം അതത് മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ പെല്ലറ്റ് തോക്ക് നിരോധിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് വരുന്നത് വരെ പെല്ലറ്റ് തോക്ക് നിരോധിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു. എന്നാൽ പെല്ലറ്റ് തോക്കിന്റെ പ്രയോഗം മൂലം പരിക്കേറ്റവർക്ക് വേണ്ട രീതിയിലുള്ള ചികിത്സ നൽകണമെന്ന് കോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്‌മീരിൽ തുടങ്ങിയ സംഘർഷങ്ങളിൽ ഇതുവരെ 85 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. പെല്ലറ്റ് തോക്ക് പ്രയോഗത്തിലാണ് ഇവരിലേറെപ്പേരും കൊല്ലപ്പെട്ടത്. ഏകദേശം ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പെല്ലറ്റ് തോക്ക് പിൻവലിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
Post Your Comments