ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളില്‍ പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കേണ്ടെന്ന് സുപ്രീം കോടതി. ഡാന്‍സ് ബാറുകളില്‍ നഗ്‌നതാ പ്രദര്‍ശനം തടയണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നിയമം സ്‌റ്റേ ചെയ്യേണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാമെന്നും നിര്‍ദ്ദേശിച്ചു.
ഡാന്‍സ് ബാറുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് ബാറിലെത്തുന്നവരുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ ഡാന്‍സ് ബാറുകള്‍ നിരോധിച്ചു കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഡാന്‍സ് ബാറുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും പ്രവൃത്തി സമയം വൈകിട്ട് 6 മുതല്‍ രാത്രി 11.30 വരെ ആയിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നതാണ് നിയമം. ഡാന്‍സ് ബാറുകളെ നിയന്ത്രിക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കേണ്ടത് അനിവാര്യതയാണെന്ന് സംസ്ഥാന കൗണ്‍സിലിന്റെ വാദം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി ബാര്‍ നര്‍ത്തകരുടേയും ബാര്‍ ഉടമകളുടേയും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഇന്ത്യന്‍ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ മറുവാദം.
എന്നാല്‍ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തില്‍ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിക്കേണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. നവംബര്‍ 24നാണ് കേസിന്റെ അന്തിമ വാദം. സംസ്ഥാനത്തെ ഡാന്‍സ്ബാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ വിമര്‍ശിച്ച കോടതി സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളെയും വിമര്‍ശിച്ചു.
Post Your Comments