NewsInternational

കശ്മീര്‍ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളല്ല : പാകിസ്ഥാന്‍

ഇസ്ലാമാബാദ് : കശ്മീരിലെ ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് പാകിസ്ഥാന്‍. ഇന്ത്യയുടെ നിലപാട് നീതിയ്ക്ക് നിരക്കാത്തതാണ്. ഏതെങ്കിലും രീതിയിലുള്ള അന്വേഷണം നടത്തുന്നതിന് മുന്‍പ് ഇന്ത്യ, പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ഈ ആരോപണം തള്ളുകയാണെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ അറിയിച്ചു. ഉറിയിലെ സൈനിക ബ്രിഗേഡിലുണ്ടായ ഭീകരാക്രമണത്തില്‍ 17 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. നാലു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.

ഇന്ത്യയുടെ പ്രതികരണം അപക്വവും അടിസ്ഥാന രഹിതവുമാണെന്ന് പാക്ക് സൈനിക വക്താവ് ലഫ് ജനറല്‍ അസിം സലീം ബജ്‌വയും പ്രതികരിച്ചു. ആക്രമണത്തിനു പിന്നാലെ നിയന്ത്രണരേഖയിലെ അവസ്ഥ ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ ഹോട്ട് ലൈനിലൂടെ ചര്‍ച്ചചെയ്തു.
പാക്കിസ്ഥാന്റെ മണ്ണില്‍ നിന്നു ഒരു തരത്തിലുള്ള നുഴഞ്ഞു കയറ്റവും അനുവദിക്കില്ല. കാരണം ഇരുവശത്തുമുള്ള നിയന്ത്രണരേഖയില്‍ ശക്തമായ സംവിധാനമാണ് ഉള്ളതെന്നും സലീം ബജ്‌വ പറഞ്ഞു.
ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ഇന്ത്യയുടെ നിഗമനം. ഇക്കാര്യം ഇന്ത്യയുടെ ഡിജിഎംഒ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെ ഭീകരരാഷ്ട്രമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പാക്ക് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഭീകരര്‍ അതിര്‍ത്തി കടക്കുന്നത്. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണം. പാക്ക് സര്‍ക്കാരിന്റെ നടപടിയില്‍ നിരാശയുണ്ടെന്നും ഇന്ത്യന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button