ന്യൂഡല്‍ഹി : ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഇന്ത്യയിലെ വന്‍ നഗരങ്ങളെ പിന്നിലാക്കി കേരളത്തിലെ ഒരു ജില്ല ഇടം പിടിച്ചിരിക്കുകയാണ്. ഏതാണ് ആ ജില്ല എന്നറിയണോ, കേരളത്തിലെ കൊല്ലം ജില്ലയാണ് രാജ്യത്തിന്റെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായിരിക്കുന്നത്. അതേസമയം മറ്റ് വന്‍ നഗരങ്ങളെ അപേക്ഷിച്ച് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൊല്ലം ജില്ലയില്‍ കുറവാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മാത്രവുമല്ല രാജ്യദ്രോഹം, മനുഷ്യക്കടത്ത് തുടങ്ങിയ കേസുകളും കൊല്ലത്ത് കുറവാണ്.
രാഷ്ട്രീയ, വര്‍ഗീയ സംഘര്‍ഷങ്ങളുടെ കാര്യത്തില്‍ കൊല്ലം ജില്ല ഒട്ടും പിന്നിലല്ല. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 217 കേസുകളാണ്. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളുടെ കാര്യത്തിലും പൊതുമുതല്‍ നശിപ്പിക്കുന്ന വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കാര്യത്തിലും കൊല്ലം ജില്ല മുന്നിലാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും കൊല്ലം ജില്ല മുന്നിലാണ്. ഏകദേശം 172 സംഭവങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്നുണ്ട്. ഗാര്‍ഹിക പീഡനവും ഭര്ത്താക്കന്മാരില് നിന്നുള്ള ഉപദ്രവവും മൂലം 221 കേസുകള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തു. ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ നഗരമായ ഭോപ്പാലിന് തൊട്ടു പിന്നിലാണ് കൊല്ലം. 2012ല്‍ കൊല്ലം നഗരത്തെ യാഹു ഇന്ത്യയിലെ സ്ത്രീ സുരക്ഷ ഇല്ലാത്ത 20 നഗരങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയേക്കാള്‍ ബഹുദൂരം മുന്നിലാണ് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കൊല്ലം. ഡല്‍ഹിയിലെ കുറ്റകൃത്യ നിരക്ക് 1062.2 ആണെങ്കില്‍ കൊല്ലത്തിന്റെ കാര്യത്തില്‍ ഇത് 1194.3 ആണ്. മറ്റ് നഗരങ്ങളായ മുംബൈയില്‍ 233.2ഉം കൊല്‍ക്കത്തയില്‍ 170ഉം ആണ് കുറ്റകൃത്യ നിരക്ക്. കഴിഞ്ഞ വര്‍ഷം കൊല്ലം ജില്ലയില്‍ 13,257 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി. എന്നാല്‍ ഇത്തരത്തില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നത് കേസുകള്‍ കാര്യക്ഷമമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണെന്നാണ് വിലയിരുത്തല്‍. കേരളത്തേക്കാള്‍ ജനസംഖ്യ കൂടുതലുള്ള പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതിലും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നതായും പറയുന്നു.
Post Your Comments