KeralaNews

മാണിക്ക് പണി; ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

കെ എം മാണി 25 ലക്ഷം കോഴവാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് നിയമോപദേശം തേടിയ ശേഷം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഈ തുടരന്വേഷണമാണ് ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്നാണ് സുകേശന്‍ വ്യക്തമാക്കിയത്. തുടരന്വേഷണത്തിലും മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ കോടതി വിധി പറയാന്‍ ഇരിക്കുന്നതേയുള്ളൂ. മാണിക്കെതിരെ പുതിയ തെളിവുകള്‍ ഇല്ലെന്നും പുതിയ വെളിപ്പെടുത്തലുകള്‍ ആരെങ്കിലും നടത്തിയാല്‍ മാത്രം മാണിക്കെതിരെ തുടരന്വേഷണം നടത്താം എന്നുമായിരുന്നു വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു വിജിലന്‍സ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് വന്ന് എല്‍ഡിഎഫ് സര്‍ക്കാരും ഇതേ നിലപാട് തന്നെ സ്വീകരിക്കുകയായിരുന്നു.

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന് സുകേശന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.മാണിക്കെതിരെ കുറ്റപത്രം വേണമെന്ന ശുപാര്‍ശ ശങ്കര്‍ റെഡ്ഡി തള്ളി. മാണിക്കെതിരായ തെളിവുകള്‍ തള്ളിക്കളഞ്ഞു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ റിപ്പോര്‍ട്ടും റെഡ്ഡി തള്ളി തുടങ്ങിയ കാര്യങ്ങളും സത്യവാങ്മൂലത്തില്‍ സുകേശന്‍ വെളിപ്പെടുത്തിയിരുന്നു. ശങ്കര്‍ റെഡ്ഡിയുടെ ഇടപെടല്‍ കാരണം കേസില്‍ നീതിപൂര്‍വ്വകമായ അന്വേഷണം നടത്താന്‍ സാധിച്ചില്ലെന്നും കേസ് ഡയറിയില്‍ റെഡ്ഡി കൃത്രിമം നടത്തിയെന്നും സുകേശന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ബാര്‍കേസില്‍ അട്ടിമറികള്‍ നടന്നിരുന്നെന്ന സംശയങ്ങള്‍ മറനീക്കി പുറത്തുവരുന്ന വെളിപ്പെടുത്തലുകളാണ് സുകേശന്‍ സത്യവാങ്മൂലത്തിലൂടെ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button