സോമരാജന്‍ പണിക്കര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായി എന്ന വാര്‍ത്തയ്ക്ക് ചില പത്രങ്ങള്‍ നല്‍കിയിരിക്കുന്ന തലക്കെട്ട് വായിച്ചാൽ എതോ വ്യവസായിയുടെ വാർഷിക ലാഭത്തിൽ വൻ വർദ്ധനവു ഉണ്ടായതു പോലെ പ്രധാനമന്ത്രിയുടെ വരുമാനം പല മടങ്ങു വർദ്ധിച്ചു എന്നു തോന്നും . എന്നാൽ മുഴുവൻ വായിച്ചാൽ പ്രധാനമന്ത്രി ഉൾപ്പടെ ഉള്ള കേന്ദ്ര മന്ത്രിമാരുടെ സ്വത്തും സമ്പത്തും സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിച്ചതിൽ നിന്നാണു ഈ വാർത്ത ഉണ്ടായിരിക്കുന്നതു എന്നു മനസ്സിലാക്കാം .
പ്രധാനമന്ത്രിയുടെ പ്രധാന വരുമാനം അദ്ദേഹത്തിന്റെ പതിനഞ്ചു പുസ്തകത്തിൽ നിന്നുള്ള റോയൽറ്റിയും പ്രധാനമന്ത്രി എന്ന പദവിക്കു സർക്കാർ നൽകുന്ന ശമ്പളവും ആണു .പ്രധാനമന്ത്രി എന്ന പദവിയിൽ എത്തിയതു മൂലം ആണു വിവിധ പുസ്തകങ്ങൾക്കു പ്രചാരവും റോയൽറ്റി യും വർദ്ധിച്ചതു എന്നതു തർക്കമറ്റ സംഗതി ആണു . അദ്ദേഹത്തിന്റെ ബാങ്ക് ലെ സ്ഥിര നിക്ഷേപത്തിന്റെ കണക്കുകളും ലഭ്യമാണു . ബാങ്കിൽ ഇടുന്ന ഏതു നിക്ഷേപവും വർഷാവർഷം വർദ്ധിക്കും എന്നതു യുക്തിസഹമായ യാഥാർഥ്യം ആണു .അദ്ദേഹത്തിനു വീടോ ഫ്ലാറ്റോ കാറോ ഓഹരിനിക്ഷേപമോ ഉള്ളതായി ഈ കണക്കുകളിൽ നിന്നും അറിവില്ല .
എങ്കിലും പ്രധാനമന്ത്രിയുടെ സമ്പാദ്യത്തിൽ വൻ വർദ്ധനവ് എന്നു കേൾക്കുമ്പോൾ അദ്ദേഹം എന്തോ വലിയ വ്യവസായം നടത്തി പത്തിരട്ടി ലാഭം കൊയ്തു എന്നു തോന്നിപ്പോവും .പ്രധാനമന്ത്രി ആയ വ്യക്തിക്കു സർക്കാർ നൽകുന്ന 1.6 ലക്ഷം രൂപക്കു പ്രത്യേകിച്ചു ചിലവഴിക്കാൻ മാർഗ്ഗം ഇല്ലാത്തതിനാൽ ബാങ്കിൽ വന്നു ചേരുകയും അതു പിന്നീടു ജീവകാരുണ്യ പ്രവർത്തനത്തിനോ പൊതുജീവിതത്തിൽ നിന്നു വിരമിച്ചാൽ വ്യക്തിപരമായ ചിലവുകൾ നേരിടാനോ ഉപയോഗിക്കാമായിരിക്കാം .
വ്യവസായികൾ ആയ അഡാനിയുടെ ലാഭം ഇരട്ടിയായി , അംബാനിയുടെ ലാഭം പതിന്മടങ്ങു ആയി എന്നൊക്കെ എഴുതുന്നതിൽ സത്യവും യുക്തിയും ഉണ്ടു . കാരണം അവർ ലാഭം കൊയ്യണം എന്ന നിലയിൽ വ്യവസായം നടത്തുന്നവർ ആണു . അവർ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നു എന്നതിലും യുക്തി കണ്ടേക്കാം .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്തു ശ്രീ .ഉമ്മൻ ചാണ്ടിക്കും ശ്രീ കെ എം മാണിക്കും ഒന്നും സ്വന്തം സമ്പാദ്യമോ ബാങ്ക് നിക്ഷേപമോ ഇല്ലായിരുന്നു എന്നു വായിച്ചതു കൗതുകകരം ആയിരുന്നു .
ഞാൻ കാണുന്ന ആശ്വാസം പ്രധാനമന്ത്രി ഉൾപ്പടെ ഉന്നത പദവിയിൽ ഇരിക്കുന്ന നേതാക്കളുടെ വരുമാനവും ബാങ്ക് നിക്ഷേപവും വാർഷിക വർദ്ധനവും രാജ്യത്തേ വോട്ടു ചെയ്യുന്ന വോട്ടർക്കു ഇന്നു അറിയാൻ സൗകര്യവും സാഹചര്യവും ഉണ്ടു എന്നതാണു .
അറിയാനുള്ള അവകാശം എറ്റവും നല്ല അവകാശം ആയി മാറട്ടെ . അതേ സമയം തെറ്റായ വാർത്തകളോ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാർത്തകളോ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന ഒരു പ്രവണത വ്യാപകം ആണു . ഒരു വാർത്തയുടെ നിജസ്ഥിതി അറിയാൻ പല പത്രങ്ങൾ വായിച്ചാലും മനസ്സിലാക്കാൻ കഴിയുന്നില്ല എന്നാണു ഇന്നത്തേ അവസ്ഥ . മാദ്ധ്യമ വാർത്തകൾ സത്യമാണോ അസത്യമാണോ എന്നു തിരിച്ചറിയാൻ ഇന്നു ശരിക്കും ബുദ്ധിമുട്ടാണ് .
Post Your Comments