ന്യൂഡല്‍ഹി: കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ ഇടത് നേതാവിനെതിരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ പ്രതിഷേധം കനക്കുന്നു. നടപടിയാവശ്യപ്പെട്ട് ഇന്ന്‍ ജെഎന്‍യുവില്‍ എബിവിപിയുടേയും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍സ്യുഐയും നേതൃത്വത്തില്‍ വമ്പന്‍ പ്രതിഷേധ പ്രകടനങ്ങള്‍ വെവ്വേറെ നടന്നു.
തീവ്രആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഇടതു സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) മുന്‍ സംസ്ഥാന പ്രസിഡണ്ടായ അന്‍മോള്‍ രത്തനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പുകയുന്നത്. ഇയാളെ പുറത്താക്കണമെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എബിവിപി പ്രതിഷേധം നടത്തിയത്. സിനിമയുടെ സിഡി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഹോസ്റ്റല്‍ മുറിയിലെത്തിച്ച് രത്തന്‍ പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
കനയ്യ കുമാറും അംഗമായ സംഘടനയായ ഐസ തങ്ങളുടെ നേതാക്കളെ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് അറസ്റ്റു ചെയ്തപ്പോള്‍ വരെ പിന്തുണച്ച് ആഴ്ചകളോളം കാമ്പസ് നിശ്ചലമാക്കി സമരം ചെയ്തിരുന്നു. ഐസയും അപ്പോള്‍ പിന്തുണയുമായി എത്തിയ മറ്റ് ഇടത് സംഘടനകളും ഇപ്പോള്‍ ഉയര്‍ന്നുവന്ന ഈ ബലാത്സംഗവിഷയത്തില്‍ മൗനം പാലിക്കുകയാണ്. സംഭവം പുറത്തറിഞ്ഞ ഉടന്‍ രത്തനെ സംഘടനയില്‍ നിന്നും പുറത്താക്കിയ ഐസ ഈ മുഖംരക്ഷിക്കല്‍ നീക്കത്തിനു ശേഷം സംഭവത്തില്‍ ഇടപെട്ടിട്ടേയില്ല.
എസ്എഫ്‌ഐ, എഐഎസ്എഫ് ഉള്‍പ്പെടെയുള്ള ഇടത് സംഘടനകളും വിഷയത്തില്‍ ഇടപെടലുകള്‍ ഒന്നും നടത്തിയിട്ടില്ല. അതേസമയം, എബിവിപിയടക്കമുള്ള സംഘടനകള്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന പ്രതിരോധം ഐസ സ്വീകരിച്ചിട്ടുമുണ്ട്.
“രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പ്രതികരിച്ചപ്പോഴും രാഷ്ട്രീയവത്കരിക്കുകയാണെന്നായിരുന്നു ഇടത് സംഘടനകളുടെ പരാതി. വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ചവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുമ്പോഴും അവര്‍ ഇതു തന്നെ പറയുന്നു. ഇതെന്ത് യുക്തിയാണ്. ഇതില്‍ എന്തിനാണ് രാഷ്ട്രീയം കാണുന്നത്. ആദ്യമായല്ല ഇവര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. നേരത്തെ ഇരകളെ അവര്‍ നിശബ്ദരാക്കുമായിരുന്നു. എന്നാല്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന ഇവരുടെ യഥാര്‍ത്ഥ മുഖം ഇത്തവണ പുറത്തറിഞ്ഞു,” എബിവിപി നേതാവ് സൗരഭ് ശര്‍മ പറഞ്ഞു.
കാമ്പസിലും ഹോസ്റ്റലുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ എബിവിപി രത്തനെതിരെ നടപടിയാവശ്യപ്പെട്ട് വൈസ് ചാന്‍സലറെ സമീപിച്ചു. ഇതിനിടെ രത്തന്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു.
Post Your Comments