തൃശൂര്‍ : ഇരുമുന്നണിക്കെതിരെ രാഷ്ട്രീയ പോരാട്ടവുമായി ജെ.ആര്.എസ് തയാറെടുക്കുന്നതായി സി.കെ. ജാനു. സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭയുടെ ആദ്യസംസ്ഥാന കണ്വെന്ഷന് തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കഴിഞ്ഞ അറുപത് വര്‍ഷമായി കേരളത്തിലെ ആദിവാസി ദളിത് പിന്നാക്ക വിഭാഗങ്ങളെ ഇരുമുന്നണികളും വഞ്ചിച്ചുവെന്ന് സി.കെ ജാനു പറഞ്ഞു.
തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം അംഗീകരിച്ചത് ബി.ജെ.പിയും എന്‍.ഡി.എയും മാത്രമാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആവശ്യം അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. അതിന് ഭരണസംവിധാനത്തിന്റെ ഭാഗമാകണമെന്ന തിരിച്ചറിവില്‍ നിന്നാണ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനമെടുത്തത്. പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള നീക്കത്തിനെതിരെ പ്രചരണങ്ങള്‍ നടത്തുന്നവര്‍ പിന്നാക്കവിഭാഗക്കാരുടെ ശത്രുക്കളാണെന്നും ജാനു പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ തുടര്‍ച്ചയാണ് ജെ.ആര്.എസ് രൂപീകരണമെന്ന് കുമ്മനം പറഞ്ഞു. പിന്നാക്കവിഭാഗങ്ങളുടെ വിമോചനം അധികാരത്തിലൂടെ എന്നതാണ് പുതിയ മുദ്രാവാക്യം. സ്വാതന്ത്ര്യം നേടിയത് എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹിക നീതിയും പുരോഗതിയും ഉണ്ടാക്കാനാണ്. ഇതിനായി വലിയ പ്രക്ഷോഭം തന്നെ സംഘടിപ്പിക്കും. ജെ.ആര്.എസിന്റെ രാഷ്ട്രീയ പോരാട്ടത്തിന് ബി.ജെ.പി എല്ലാ പിന്തുണയും നല്‍കുമെന്നും കുമ്മനം പറഞ്ഞു.
ആക്ടിംഗ് ചെയര്മാന് ഇ.പി. കുമാരദാസ് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍, ബിജു കാക്കത്തോട്, ഇ. അയ്യപ്പന്, അഡ്വ. കെ.കെ. നാരായണന്, ഇ.സി. മുരളി, പ്രകാശന് മൊറാഴ, ജി. അശോകന്, അര്ജ്ജുനന് അന്തിക്കാട്, രാജന് തിരുവനന്തപുരം, രാജന് കൊല്ലങ്കോട്, ജോണ്സണ്, മോഹന്‍ദാസ്, മാമന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments