മാർത്താണ്ഡം: റാഗിങ്ങിനിരയായ വിദ്യാർഥിയുടെ കാഴ്ച ഭാഗികമായി നഷ്ടമായി. മാർത്താണ്ഡം കുലശേഖരത്തു സ്വാശ്രയ പോളിടെക്നിക് കോളജിലാണ് റാഗിങ്ങിനെ തുടർന്ന് കാഴ്ച നഷ്ടമായത്. ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട നിലയിലാണ് ഉളിക്കൽ മണിപ്പാറയിലെ കെ.ജെ.പാനൂസിന്റെ മകൻ അജയ് (18) എത്തിയത്.
അജയ് കുലശേഖരപുരം ബിഡബ്ല്യുഡിഎ പോളിടെക്നിക് കോളജിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്. അധ്യാപകരോടു അജയ് ചില വിദ്യാർഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ സ്ഥിരമായി ശല്യപ്പെടുത്തുകയും പഠിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യൂവെന്ന് പരാതിപ്പെട്ടിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ആറാം തിയതി റാഗിങ്ങിനിരയായതെന്ന് പരാതിപ്പെട്ടു.
ഭക്ഷണം കഴിക്കാൻ ഉച്ചയ്ക്ക് ഹോസ്റ്റലിൽ എത്തിയ സഹപാഠികളാണ് അവശനായി ഹോസ്റ്റൽ മുറിയിൽ കിടക്കുന്ന അജയിനെ കണ്ടത്. തലയ്ക്കു പിന്നിലും ഇടതു കണ്ണിലും മർദനമേറ്റതിനെ തുടർന്ന് അജയ് നിർത്താതെ രക്തം ഛർദിച്ചു. സഹപാഠികളാണ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതും വീട്ടിൽ വിവരമറിയിച്ചതും. കോളേജ് അധികൃതർ രക്ഷിതാക്കളെ വിവരം അറിയിക്കുകയോ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയോ ചെയ്തില്ലെന്നും പരാതിയുണ്ട് . വിദഗ്ദ്ധ ചികിത്സക്കായി ബന്ധുക്കൾ എത്തിയശേഷം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് അജയിനെ മാറ്റി.
ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ കണ്ണിനു ശസ്‌ത്രക്രിയ നടത്താൻ കഴിയു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കണ്ണ് അൽപം തുറക്കാൻ സാധിക്കുന്നുണ്ടെങ്കിലും കാഴ്ച പൂർണമായിട്ടില്ല. അൽപ സമയം ഇരിക്കുകയോ നടക്കുകയോ ചെയ്താൽ തലകറക്കവും ഛർദിയുമുണ്ടാകുമെന്ന് പിതാവ് പാനൂസ് പറഞ്ഞു. റാഗിങ് നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേസ് എടുക്കാൻ തമിഴ്‌നാട് പോലീസും അക്രമികൾക്കെതിരെ നടപടിയെടുക്കാൻ കോളേജ് അധികൃതരും തയാറായിട്ടില്ലാത്തതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുമെന്നും പാനൂസ് പറഞ്ഞു.
Post Your Comments