കൊച്ചി : • മലയാളി ദമ്പതികള്‍ അടക്കമുള്ളവരെ ഭീകരസംഘടനയ്ക്കു വേണ്ടി വിദേശത്തേക്കു കടത്തിയെന്ന കേസില്‍ അറസ്റ്റിലായ മുംബൈ സ്വദേശി അര്‍ഷി ഖുറേഷിയും കൂട്ടാളികളും വിദേശത്തുള്ള ആറു യുവാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി.
യുവാക്കളെ മതംമാറാന്‍ സഹായിച്ചതല്ലാതെ അവരെ വിദേശത്തേക്കു കടത്തിയതില്‍ പങ്കില്ലെന്നാണ് അര്‍ഷിയുടെ ഇതുവരെയുള്ള മൊഴികള്‍. കൊച്ചി സ്വദേശി മെറിന്റെ(മറിയം) ഭര്‍ത്താവ് പാലക്കാട് സ്വദേശി യഹിയ (ബെസ്റ്റിന്‍ വിന്‍സെന്റ്), കാസര്‍കോട് സ്വദേശികളായ റാഷിദ് അബ്ദുല്ല, അഷ്ഫാക്ക്, ഇജാസ്, ഷിഹാസ്, ഹഫിസുദ്ദീന്‍ എന്നിവരുമായാണു അര്‍ഷി ഫോണില്‍ ബന്ധപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് ഇവര്‍ ടെഹ്‌റാനിലെത്തിയതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. അവിടെനിന്നു ചിലര്‍ അഫ്ഗാനിസ്ഥാനിലേക്കു കടന്നതായും സൂചന ലഭിച്ചിരുന്നു. വിദേശത്തേക്കു കടന്നവര്‍ അര്‍ഷിയെ വിളിച്ചതു മനുഷ്യക്കടത്തിനു പിന്നില്‍ ഇയാള്‍ക്കുള്ള പങ്കു വ്യക്തമാക്കുന്നതാണെന്നു പൊലീസ് പറഞ്ഞു.
വിദേശത്തെത്തിയ മലയാളി യുവാക്കള്‍ക്ക് അയച്ച സന്ദേശങ്ങളിലെ ദേശവിരുദ്ധ സ്വഭാവവും പൊലീസ് കണ്ടെത്തി. ഇന്ത്യയോടു യുദ്ധം ചെയ്യാനുള്ള തയാറെടുപ്പിനായി വിദേശത്തേക്കു വരാന്‍ കൂടുതല്‍ യുവാക്കളെ ആഹ്വാനം ചെയ്യുന്നതാണ് അര്‍ഷിയും കൂട്ടാളികളും അയക്കുന്ന സന്ദേശങ്ങളെന്നു പൊലീസ് പറയുന്നു. എന്നാല്‍ വിദേശത്തേക്കു കടത്തിയ മലയാളി യുവാക്കളെ താമസിപ്പിച്ചിരിക്കുന്ന രഹസ്യ സങ്കേതം സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റഡിയിലുള്ള അര്‍ഷി ഖുറേഷിയും റിസ്വാന്‍ ഖാനും ഇതുവരെ വെളിപ്പെടുത്തിയട്ടില്ല. അര്‍ഷിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഈ മാസം 18 വരെ കോടതി നീട്ടിയതോടെ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.
Post Your Comments