KeralaNews

ഐ.എസ് ബന്ധം കേരളത്തിലെ മൂന്ന് പ്രമുഖ മലയാളി വ്യവസായികള്‍ നിരീക്ഷണത്തില്‍

കൊച്ചി: ഐ.എസിലെത്തിയ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഫണ്ട് കൈമാറുന്നത് വിദേശ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ വഴിയാണെന്ന് എന്‍.ഐ.എ. സംസ്ഥാനത്ത് ഐ.എസ് ബന്ധമുള്ള സംഘടനകള്‍ക്കു ഫണ്ട് നല്‍കിയ വ്യവസായികളും നിരീക്ഷണത്തില്‍. ഐ.എസ്. അനുകൂല സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഭാവന നല്‍കിയ മൂന്നു വന്‍ വ്യവസായികളാണു നിരീക്ഷണത്തിലുള്ളത്.

സിറിയയടക്കം 25 രാജ്യങ്ങളില്‍ നിന്നും ഫണ്ട് കൈമാറിയതായാണു വിവരം. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഈജിപ്ത്, ഹോങ്കോങ്ങ്, ഹംഗറി, ഇന്തോനേഷ്യ, ജപ്പാന്‍, കെനിയ, കുവെറ്റ്, മലേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, മെക്‌സിക്കോ, നെതര്‍ലന്‍ഡ്, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ഖത്തര്‍, സെര്‍ബിയ, സുഡാന്‍, ശ്രീലങ്ക, സൗദി അറേബ്യ, യു.എ.ഇ., യു.കെ. എന്നിവിടങ്ങളില്‍ ഐ.എസ്. പിടിമുറുക്കിയെന്നും എന്‍.ഐ.എ. വൃത്തങ്ങള്‍ അറിയിച്ചു.

പാലാരിവട്ടം സ്വദേശി മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയ രണ്ടു സ്ഥാപനങ്ങള്‍ക്കും ഇവര്‍ സംഭാവന നല്‍കിയതായി കണ്ടെത്തി. എന്നാല്‍, ഇവര്‍ക്ക് ഐ.എസ്. ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പിടിയിലായ ആര്‍ഷി ഖുറേഷി, റിസ്വാന്‍ ഖാന്‍ എന്നിവര്‍ക്ക് ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മുഖ്യ റിക്രൂട്ടര്‍ ഷാഫി ആര്‍മറുമായി ബന്ധമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം മെറിന്‍ മുംെബെയില്‍ ജോലിക്കെത്തിയ കാലയളവില്‍ നിരവധിയാളുകളെ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ഈ വഴിക്കു തിരിയുന്നത്.
ഫേസ്ബുക്ക്, വാട്‌സ്ആപ്, കിക്ക്, വി.കെ. ഓണ്‍ടേക്ട്, ട്വിറ്റര്‍ എന്നിവ വഴിയാണ് ഐ.എസ്. ആശയങ്ങള്‍ പ്രചരിച്ചത്. ആയുധങ്ങള്‍ ശേഖരിക്കാനും ആക്രമണപദ്ധതികള്‍ പിഴവില്ലാതെ ആസൂത്രണം ചെയ്യാനും ഐ.എസ്. ഭീകരര്‍ മാവോവാദികളുടെ സഹായം തേടിയിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകളുമായി ഐ.എസ്. പ്രവര്‍ത്തകര്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നതായും വിവരമുണ്ട്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മാവോയിസ്റ്റ് അനുകൂല സംഘടനകളുടെ സാമ്പത്തിക ഉറവിടവും പോലീസ് അന്വേഷിക്കുന്നുണ്ട്.
സംസ്ഥാനത്ത് ചില മേഖലകളില്‍ നടന്ന വര്‍ഗീയ സംഘട്ടനങ്ങളുടെ കേസ് ഡയറിയും ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേകസംഘം പരിശോധിച്ചു വരികയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്നത് 105 ബോംബ് ആക്രമണങ്ങളും 143 വര്‍ഗീയ കലാപങ്ങളും 126 തീവ്രവാദി ആക്രമണങ്ങളുമാണ്. വര്‍ഗീയ കലാപങ്ങളെ തുടര്‍ന്ന് 253 പേര്‍ പിടിയിലായി. ഇക്കാലയളവില്‍ നടന്ന വര്‍ഗീയ സംഘട്ടനങ്ങളില്‍ 122 എണ്ണവും നടന്നത് കാസര്‍ഗോഡ് ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button