KeralaLatest NewsInternational

മാന്യമായിട്ടാണ് കമാൻഡോകൾ പെരുമാറിയതെന്ന് ഇസ്രയേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി

കോട്ടയം: കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് തന്റെ മോചനം സാധ്യമാക്കിയതെന്ന് ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി ആന്‍ ടെസ ജോസഫ്. കഴിഞ്ഞ ദിവസം ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ 4 മലയാളി ജീവനക്കാരിലൊരാളാണ് ആൻ ടെസ ജോസഫ്. ഇന്ന് വൈകുന്നേരത്തോടെയാണ് കപ്പലിൽ നിന്നും മോചനം നേടി ആൻ ടെസ്സ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തിരികെ സുരക്ഷിതമായി വീട്ടിലെത്തിയതിന്റെ ആശ്വാസവും സന്തോഷവുമുണ്ട് ടെസ്സയുടെ വാക്കുകളിൽ.

‘എനിക്ക് ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. വിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെട്ടിട്ടാണ് ഇത്ര പെട്ടെന്ന് മോചനം സാധ്യമായത്. അവര് മാത്രമല്ല, ഞാന്‍ കാണാത്തതും എനിക്കറിയാത്തതുമായ ഒരുപാട് പേര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.’ – കോട്ടയത്തെ പുതിയ വീട്ടിലെത്തിയ ആന്‍ ടെസ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇങ്ങനെയൊരു സംഭവം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അവരുടെ ഭാഗത്ത് നിന്ന് നല്ല സഹകരണമാണ് ഉണ്ടായത്. കപ്പല്‍ പിടിച്ചെടുത്തെങ്കിലും അതിലെ ജീവനക്കാര്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു കുഴപ്പവുമില്ലായിരുന്നു. മെസ്സില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കാം. കഴിച്ച ശേഷം തിരികെ ക്യാബിനിലേക്ക് പോകാന്‍ അവര്‍ പറയും അത്രയേ ഉള്ളൂ.’ -ഇറാന്‍ പിടിച്ചെടുത്ത ശേഷമുള്ള കപ്പലിലെ അനുഭവം ആന്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചു.

‘അവര്‍ ജീവനക്കാരെ ഉപദ്രവിക്കുകയൊന്നും ചെയ്തില്ല. രാജ്യങ്ങള്‍ തമ്മിലാണല്ലോ പ്രശ്‌നം. അതുകൊണ്ട് ആള്‍ക്കാരെ അവര്‍ ഉപദ്രവിച്ചില്ല. ഞാന്‍ ഉള്‍പ്പെടെ നാല് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇപ്പൊൾ ഇന്ത്യക്കാര്‍ 16 പേര്‍ അവിടെയുണ്ട്. അവരെയും പെട്ടെന്ന് തന്നെ മോചിപ്പിക്കുമെന്നാണ് അറിഞ്ഞത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അതിനായി പരിശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടിയായി ഞാന്‍ മാത്രമാണ് കപ്പലിലുണ്ടായിരുന്നത്. അതുകൊണ്ടാകാം എന്നെ ആദ്യം മോചിപ്പിച്ചത്.’ -ആന്‍ ടെസ തുടര്‍ന്നു.

‘എനിക്ക് കപ്പലിലേക്ക് തിരികെ പോകണം. കാരണം ഞാന്‍ ആഗ്രഹിച്ചെടുത്ത മേഖലയാണ് ഇത്. എന്റെ ആദ്യ കപ്പലാണ് ഇത്. ഒമ്പതുമാസം മുമ്പേ കേറിയിട്ടേ ഉള്ളൂ. മൂന്നുവര്‍ഷം പഠിച്ച ശേഷമാണ് കപ്പലില്‍ കയറിയത്. ആഗ്രഹിച്ചെടുത്ത കോഴ്‌സായതുകൊണ്ട് ഈ മേഖല ഉപേക്ഷിക്കില്ല. ഈ അനുഭവത്തെ ജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്.’ -ആന്‍ പറഞ്ഞുനിര്‍ത്തി.

ടെഹ്‌റാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേയും ഇറാന്‍ സര്‍ക്കാരിന്റേയും സംയുക്ത ശ്രമഫലമായാണ് ആന്‍ ടെസയുടെ മോചനം സാധ്യമായത്. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെ കൂടി തിരികെയെത്തിക്കുന്നതുവരെ ദൗത്യം തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button