NewsIndia

ബിജെപിയും, ആര്‍എസ്എസും ഫാസിസ്റ്റ് ആണെന്ന വാദങ്ങളെ തള്ളി പ്രകാശ് കാരാട്ടിന്‍റെ ലേഖനം

കൊച്ചി: ബിജെപിയും, ആര്‍എസ്എസും ഫാസിസ്റ്റ് പാര്‍ട്ടികളല്ലെന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ട് സിപിഎം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ കാരാട്ടിന്‍റെ ലേഖനം. ദേശാഭിമാനിയിലും ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇപ്പോഴുള്ള രാഷ്ട്രീയ-സാമ്പത്തിക-വര്‍ഗാടിസ്ഥാന സാഹചര്യങ്ങളില്‍ ഫാസിസം സ്ഥാപിക്കപ്പെടാനുള്ള പഴുതുകളൊന്നുമില്ലെന്നും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നുമാണ് കാരാട്ട് ‘ഫാസിസവും ഇന്ത്യന്‍ ഭരണവര്‍ഗവും’ എന്ന തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

ബിജെപി ചില ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്നുണ്ടാകാമെങ്കിലും അവരെ ഒരു ഫാസിസ്റ്റ് പാര്‍ട്ടിയായി കാണാനാവില്ലെന്ന് ലേഖനത്തില്‍ പറയുന്ന കാരാട്ട് ബിജെപിയെ മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലെയും കാണാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ബിജെപി ഫാസിസ്റ്റ് അല്ലെന്നു പാര്‍ട്ടി നേരത്തേതന്നെ വിലയിരുത്തിയതാണെന്ന വസ്തുത കാരാട്ട് കഴിഞ്ഞയാഴ്ച ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. സിപിഎമ്മിലെ സീതാറാം യെച്ചൂരി വിഭാഗക്കാര്‍ കാരാട്ടിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതു വകവയ്ക്കാതെയാണ് ഇപ്പോള്‍ കാരാട്ട് തന്‍റെ അഭിപ്രായങ്ങള്‍ ലേഖനരൂപത്തില്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുന്നത്.

ലോകമാഹായുദ്ധങ്ങള്‍ക്ക് മുന്നോടിയായി ജര്‍മ്മനിയില്‍ ഫാസിസം ഉടലെടുത്ത സാഹചര്യങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന കാരാട്ട് ഇന്ത്യയില്‍ ഇപ്പോഴുള്ള രാഷ്ട്രീയ-സാമ്പത്തിക-വര്‍ഗാടിസ്ഥാന സാഹചര്യങ്ങളില്‍ ഫാസിസം സ്ഥാപിക്കപ്പെടാനുള്ള പഴുതകളൊന്നുമില്ലെന്ന് വാദിക്കുന്നു.

ഇന്ത്യയിലെ ഭരണവര്‍ഗത്തിന്‍റെ വര്‍ഗഭരണത്തിന് യാതൊരുവിധ ഭീഷണികളും നിലവിലില്ല. ഭരണവര്‍ഗത്തിലെ ഒരു വിഭാഗത്തിനും പാര്‍ലമെന്‍ററി ജനാധിപത്യസംവിധാനത്തേയും ഭരണഘടനാക്രമത്തേയും അട്ടിമറിക്കാനുള്ള താല്‍പ്പര്യങ്ങളുമില്ല. സ്വന്തം വര്‍ഗതാല്‍പ്പര്യ സംരക്ഷണത്തിനായി നിലവിലുള്ള സംവിധാനത്തില്‍ അല്‍പ്പം സ്വേച്ഛാധിപത്യം കലര്‍ത്താന്‍ മാത്രമുള്ള ശ്രമമാണുള്ളതെന്നും ലേഖനത്തില്‍ പറയുന്നു.

ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിന്‍റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തേയും, തീവ്രദേശീയതയേയും കാര്യമാത്രപ്രസക്തമായി വിമര്‍ശിക്കുന്ന കാരാട്ട് ഇവര്‍ ഈ നയങ്ങള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും വര്‍ഗീയധ്രുവീകരണത്തിനും ഉപയോഗിക്കുകയാണെന്നും ആരോപിക്കുന്നു.

സിപിഐഎമ്മിന്‍റെ അഭിപ്രായത്തില്‍, ബിജെപിക്കും വലതുപക്ഷ വര്‍ഗീയശക്തികള്‍ക്കുമെതിരെയുള്ള പോരാട്ടം വര്‍ഗീയതയ്‌ക്കെതിരെയും നവഉദാരവല്‍ക്കരണനയത്തിനെതിരെയുമുള്ള സമരത്തെ കൂട്ടിയോജിപ്പിച്ചാണ് നടത്തേണ്ടത്. പ്രധാന ഭരണവര്‍ഗ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരണവര്‍ഗങ്ങള്‍ക്കായി നവ ഉദാരവല്‍ക്കരണക്രമം നിലനിര്‍ത്തുന്നതിനാല്‍ ബിജെപിക്കെതിരെയുള്ള രാഷ്ട്രീയസമരം ഭരണവര്‍ഗത്തിലെ മറ്റൊരു കക്ഷിയുമായി ചേര്‍ന്ന് നടത്താനാകില്ല. കോണ്‍ഗ്രസുമായുള്ള സിപിഎമ്മിന്‍റെ കൂട്ടുകെട്ടിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കാരാട്ട് എഴുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button