Kerala

ഭീകരപ്രവര്‍ത്തനത്തിന് മതമില്ല; മുസ്ലീംവിരുദ്ധ വികാരം സമൂഹത്തിൽ പടർത്താന്‍ ശ്രമം- മുഖ്യമന്ത്രി

തിരുവനന്തപുരം ● ഭീകരപ്രവർത്തനത്തിനും തീവ്രവാദത്തിനും മതാടിസ്ഥാനമില്ലെന്നും എല്ലാ മതത്തിൽ പെട്ടവരും തീവ്രവാദികളായും ഭീകരവാദികളായും മാറുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രവണതകളെ നമുക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. എന്നാൽ ചില സ്ഥാപിതതാല്പര്യക്കാർ ഈ വിഷയവുമായി ബന്ധപ്പെട്ട് മുതലെടുപ്പിനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ പേരിൽ ഒരു വിഭാഗത്തെയാകെ സംശയത്തിന്റെ പുകമറയിൽ നിർത്താനും, മുസ്ലീംവിരുദ്ധ വികാരം സമൂഹത്തിൽ പടർത്താനും ഇവർ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

കേരളത്തിൽ നിന്നും ചില യുവതീയുവാക്കൾ ഐഎസിൽ ചേരാൻ സിറിയയിൽ പോയതായ വാര്‍ത്തകളെ ഗൗരവമായി കാണുന്നു. കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികളുമായി യോജിച്ചു കൊണ്ട് തീവ്രവാദവിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ജനവിഭാഗത്തെയും വിശ്വാസത്തിലെടുത്തുകൊണ്ട് ഭീകരവാദത്തിനും തീവ്രവാദത്തിനും അടിപ്പെട്ടു പോകുന്ന ആളുകളെ തിരുത്തിക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ഇത്തരം പ്രവണതകൾക്കെതിരെ പൊതുബോധം വളർത്തിക്കൊണ്ടുവരാൻ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button