Kerala

കാണാതായ 16 മലയാളി യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയം

തിരുവനന്തപുരം ● കാസര്‍ഗോഡ്‌ നിന്നും  കാണാതായ 16 യുവാക്കള്‍ ആഗോള ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നതായി സംശയം. ഒരു ദേശിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായ ഇവര്‍ ഐ.സില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയിരിക്കാമെന്നാണ് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖത്തറില്‍ ജോലി ചെയ്തിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിറിയയിലെ ബാഷര്‍ അല്‍-അസാദ് ഭരണകൂടത്തിനെതിരെ പോരാടാന്‍ ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഇത്രയധികം മലയാളികള്‍ ഐ.സില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഒരു തീര്‍ഥയാത്രയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജൂണ്‍ 6 ന് യുവാക്കള്‍ രാജ്യം വിട്ടതെന്ന് കാണാതായ ഒരു യുവാവിന്റെ ബന്ധു പറഞ്ഞു. ഇപ്പോള്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ആണെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങള്‍ എല്ലാവരും അന്തിമ ലക്ഷ്യസ്ഥാനത്തെത്തി” എന്ന ഒരു വാട്സ്ആപ്പ് സന്ദേശം കഴിഞ്ഞയാഴ്ച തനിക്ക് ലഭിച്ചതായി കാണാതായ മറ്റൊരു യുവാവിന്റെ ബന്ധു വെളിപ്പെടുത്തി. ഇവര്‍ സിറിയയിലേക്കോ ഇറാഖിലേക്കോ കടന്നതായി തങ്ങള്‍ ഭയപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാണാതായവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഡോക്ടറും ഉള്‍പ്പെടുന്നുണ്ട്.

ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കാണാതായവരുടെ ബന്ധുക്കള്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്.

കാണാതായ യുവാക്കളെല്ലാം തൃക്കരിപ്പൂരും പരിസരപ്രദേശത്തുമുള്ളവരാണ്. ആദ്യം ബന്ധുക്കള്‍ കരുതിയത് ഇവര്‍ക്ക് വഴിതെറ്റിയതായിരിക്കാമെന്നാണ്. ഇവരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുമെന്നും കാസര്‍ഗോഡ്‌ എം.പി പി.കരുണാകരന്‍ പറഞ്ഞു.

കാണാതായ യുവാക്കളെല്ലാം ഇരുപതുകളുടെ മധ്യത്തില്‍ പ്രായമുള്ളവരാണ്. ഇവര്‍ തൃക്കരിപ്പൂരിലെ ഒരു സാംസ്‌കാരിക കേന്ദ്രത്തില്‍ പതിവായി ഒത്തുകൂടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇവര്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നതായി അറിയില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം, ഐ.എസ് ബന്ധം ആരോപിച്ചു നാല് മലയാളി യുവാക്കളെ യു.എ.ഇ നാടുകടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button