
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് പുതിയ ടീമായി. ഇത് രണ്ടാം തവണയാണ് കേന്ദ്രമന്ത്രിസഭ വിപുലീകരിച്ചത്.. പുതിയ മന്ത്രിമാര്‍ രാവിലെ 11നു രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന യു.പിക്കാണ് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചത്.
ബി.ജെ.പി എം.പിമാരായ എസ്.എസ്.അലുവാലിയ, വിജയ് ഗോയല്‍, എം.ജെ.അക്ബര്‍, പി.പി.ചൗധരി, പുരുഷോത്തം റൂപാല, മഹേന്ദ്ര പാണ്ഡെ, ഫഗന്‍സിങ് കുലസ്തെ, അനില്‍ മാധവ് ദവെ, ഭൂപേന്ദര്‍ യാദവ്, അര്ജുന് മേഘ്വാള്, അജയ് താംത, സുഭാഷ് ഭാംറെ, കൃഷ്ണരാജ്, മന്‍സുഖ് ഭായി മണ്ഡാവിയ തുടങ്ങിയവരും സഖ്യകക്ഷി എംപിമാരായ രാംദാസ് അത്താവാലെ (ആര്‍പിഐ), അനുപ്രിയ പട്ടേല്‍ (അപ്ന ദള്‍) എന്നിവരും മന്ത്രിസഭയിലെത്തി
ഇതില്‍ മഹേന്ദ്രനാഥ് പാണ്ഡെ, അനുപ്രിയ പട്ടേല്‍, കൃഷ്ണരാജ് എന്നിവര്‍ യുപിയില്‍ നിന്നാണ്. അര്ജുന് മേഘ്വാള്, കൃഷ്ണരാജ്, അജയ് താംത, ഫഗന്‍സിങ് കുലസ്തെ, രാംദാസ് അത്താവാലെ എന്നിവര്‍ ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളില്‍ മാറ്റമുണ്ടായില്ല.
അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ ഭാരവാഹി നിര പുനഃസംഘടിപ്പിച്ചിരുന്നില്ല. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ പുരുഷോത്തം റൂപാല, ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, വക്താവ് എം.ജെ.അക്ബര്‍ എന്നിവരാണു സംഘടനയില്‍ നിന്നു സര്‍ക്കാരിലേക്കു മാറുന്നത്. മന്ത്രിസഭയില്‍ എഴുപത്തഞ്ചു വയസ്സു കഴിഞ്ഞവരെ ഒഴിവാക്കിയ പാര്‍ട്ടി നയം നടപ്പാക്കിയാല്‍ നജ്മ ഹെപ്ത്തുല്ല, കല്‍രാജ് മിശ്ര എന്നിവരെ ഒഴിവാക്കി. പകരം ഗവര്‍ണര്‍ പദവി നല്‍കും.
സ്പോര്‍ട്സ് മന്ത്രിയായിരുന്ന സര്‍ബാനന്ദ് സോനോവാള്‍ അസം മുഖ്യമന്ത്രിയായതിന്റെ ഒഴിവു നികത്തും. പഞ്ചാബ് ബി.ജെ.പി അധ്യക്ഷസ്ഥാനമേറ്റ വിജയ് സാംപ്ലയെയും ഒഴിവാക്കിയേക്കും. 2014 മേയില്‍ അധികാരമേറ്റ നരേന്ദ്ര മോദി മന്ത്രിസഭയുടെ രണ്ടാമത്തെ വികസനമാണിത്. ആദ്യവികസനം 2014 നവംബറിലായിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയുടെ നിലവിലെ അംഗബലം 64 ആണ്. ഭരണഘടനാ വ്യവസ്ഥകളനുസരിച്ചു മന്ത്രിസഭയില്‍ 82 അംഗങ്ങള്‍ വരെയാകാം.
Post Your Comments