കൊച്ചി : അമീറുള്‍ ഇസ്ലാമിനെക്കുറിച്ചുള്ള പോലീസിന്റെ ഭാഷ്യങ്ങള്‍ പൊളിയുന്നു. അമീറുളിന് ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്നായിരുന്നു ഇത് വരെ പൊലീസ് പറഞ്ഞിരുന്നത്. അമീറുള്ളിന് ആസാമീസ് ഭാഷ മാത്രമേ അറിയുള്ളൂവെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. പ്രതിയെ പത്തുദിവസം കസ്റ്റഡിയില്‍ ലഭിച്ചിട്ടും പ്രതിയില്‍ നിന്നും മതിയായ വിവരങ്ങളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അമീറിന് അസമീസിന് പുറമെ ഹിന്ദിയും ബംഗാളിയും നന്നായി സംസാരിക്കാന്‍ കഴിയുമെന്ന് അമീറിന്റെ അഭിഭാഷകന്‍ പി.രാജന്‍ പറഞ്ഞു. കാക്കനാട് ജയിലിലെത്തി അമീറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജന്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേസുമായി മുന്നോട്ട് നീങ്ങാനാണ് അമീറുള്‍ പറഞ്ഞതെന്നും രാജന്‍ വ്യക്തമാക്കി.
അമീറുള്‍ ജിഷയോടുള്ള പക മൂലമാണ് കൊലനടത്തിയതെന്ന് അന്വേഷണ സംഘം പറയുമ്പോഴും പകയുടെ കാരണം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. മന:ശാസ്ത്രജ്ഞനെ അടക്കമുള്ളവര്‍ പ്രതിയെ ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നെങ്കിലും നിര്‍ണ്ണായക വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതായി കസ്റ്റഡി റിപ്പോര്‍ട്ട് പകര്‍പ്പില്‍ പരാമര്‍ശമുണ്ട്. സംഭവ ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രവും ആയുധവും ഉപേക്ഷിച്ച സ്ഥലത്തെ കുറിച്ച് പ്രതി തുടര്‍ച്ചയായി മൊഴി മാറ്റിപറഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമീറിന്റെ സുഹൃത്തുക്കളായ അനാറിനേയും ഹര്‍ഷത്ത് ബര്‍വയേയും കണ്ടെത്താന്‍ സാധിക്കാത്തതും പൊലീസിന്റെ പോരായ്മയായാണ് വിലയിരുത്തുന്നത്. ഇവര്‍ക്കും കൊലയില്‍ പങ്കുണ്ടോയെന്ന സംശയവും ബലപ്പെട്ടു. അമീര്‍ ഒരു വാടക കൊലയാളിയാണോ എന്ന സംശയം അന്വേഷണ സംഘത്തിന് വര്‍ദ്ധിക്കുന്നു. ഇതിനിടെ രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ലാത്തത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്.
Post Your Comments