ന്യൂഡല്‍ഹി : ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെക്കുറിച്ച് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് എ.കെ ആന്റണി ആരോപിച്ചു.
സിവില്‍ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്ത് എല്ലാവര്‍ക്കും ബാധകമാണ്. എന്നാല്‍ വ്യക്തി നിയമം വ്യത്യസ്തമാണ്. വ്യക്തി നിയമം ഏകോപിപ്പിക്കുന്നത് അപ്രായോഗികമാണ്. എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുന്ന കാലത്ത് മാത്രമേ ഏകീകൃത സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കൂ എന്നും ആന്റണി പറഞ്ഞു. രാജ്യത്ത് വര്‍ഗീയത സൃഷ്ടിച്ച് സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ആത്മഹത്യാപരമാണെന്നും ആന്റണി കുറ്റപ്പെടുത്തി.
അയോധ്യ, ഏകീകൃത സിവില്‍ കോഡ് വിഷയങ്ങള്‍ ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ വര്‍ഗീയമായി നേരിടുക എന്ന തന്ത്രമാണ് ബി.ജെ.പി എല്ലാക്കാലത്തും പയറ്റുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കവും ഇത്തരത്തിലുള്ളതാണ്. സാമുദായിക ദ്രുവീകരണത്തിന് മാത്രമേ ബി.ജെ.പിയുടെ ഈ നീക്കം ഉപകരിക്കൂ എന്നും ആന്റണി വ്യക്തമാക്കി.
Post Your Comments