കുവൈറ്റ് : കുവൈറ്റില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഈദുല്‍ ഫിത്വറിന്റെ പ്രാര്‍ഥനകള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്തുന്നത് നിരോധിച്ചതായി ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി യാക്കൂബ് അല്‍ സാനെ അറിയിച്ചു. വിശ്വാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെയും വിവിധ മന്ത്രാലയങ്ങളുടെയും നിർദ്ദേശമനുസരിച്ചാണ് തീരുമാനം. മന്ത്രാലയത്തിന്റെ കീഴിലുള്ള മതപരമായ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ഈദ് പ്രാര്‍ഥനകള്‍ പള്ളികളില്‍ നടത്തും.
കേരള ഇസ്ലാമിക് ഗ്രൂപ്പ്, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, എന്നീ സംഘടനകള്‍ സംയുക്തമായി ഒന്‍പത് ഇടങ്ങളിലും കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ 11 സ്ഥലങ്ങളിലും ഈദ് ഗാഹുകള്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ വിവിധ പ്രദേശങ്ങളില്‍ 60 ലേറെ ഈദ് ഗാഹുകളും സജ്ജീകരിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വിദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഈദ് ഗാഹുകള്‍ നടത്തുന്നതിനു മതകാര്യ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക അനുമതി വാങ്ങാന്‍ ശ്രമിച്ച് വരികയാണെന്ന് കേരള ഇസ്ലാമിക് ഗ്രൂപ്പ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അറിയിച്ചു.
Post Your Comments