മിഷിഗണ്‍: ലോകോത്തര വാഹനനിര്‍മ്മാതാക്കളായ വോക്‌സ് വാഗണ്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 1500 കോടി അമേരിക്കന്‍ ഡോളര്‍ ചിലവഴിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട പരാതികളിലാണ് കമ്പനി ഇത്രയും വലിയ തുക നല്‍കേണ്ടിവരിക. വാഹനവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാര കേസായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപയില്‍ ഒരു ലക്ഷം കോടിയിലേറെ വരുമിത്.
രണ്ട് ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച 475000 വാഹനങ്ങളുടെ റിപ്പയറിംഗിനും തിരികെ വാങ്ങുന്നതിനുമായി ആയിരം കോടി രൂപ കമ്പനിക്ക് ചിലവഴിക്കേണ്ടതായിവരും. ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി അയ്യായിരം മുതല്‍ പതിനായിരം വരെ ഡോളര്‍ ഓരോ വാഹനത്തിനും കമ്പനിക്ക് ചിലവാകുമെന്നാണ് കണക്ക്. എല്ലാ വാഹനങ്ങളും കേടുപാടുതീര്‍ത്ത് നല്‍കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ നിരവധി വാഹനങ്ങള്‍ തിരികെ വാങ്ങേണ്ടി വന്നേക്കും.
പരിസ്ഥിതി മലിനീകരണത്തിന്റെ കണക്കില്‍ 270 കോടി ഡോളറും പരിസ്ഥിതി സൗഹാര്‍ദ്ദ വാഹനങ്ങള്‍ക്കുള്ള ഗവേഷണത്തിനായി 200 കോടി ഡോളറും പിഴയിനത്തില്‍ സര്‍ക്കാരിന് കമ്പനി നല്‍കേണ്ടതുണ്ട്. അമേരിക്കയില്‍ ഇതുവരെ 44 സ്റ്റേറ്റുകളില്‍ നഷ്ടപരിഹാരമായി 60 കോടിയിലധികം ഡോളര്‍ വോക്‌സ് വാഗണ്‍ നല്‍കിക്കഴിഞ്ഞതായാണ് കണക്ക്.
Post Your Comments