കൊച്ചി : ജിഷാവധക്കേസില്‍ ഒന്നിലധികം പ്രതികളുണ്ടായിരക്കാമെന്ന ഊഹാപോഹം തള്ളി പോലീസ്. വീട്ടില്‍ കണ്ടെത്തിയ മറ്റ് വിരലടയാളങ്ങള്‍ വീട്ടില്‍ എത്തിയ നാട്ടുകാരില്‍ ആരുടെയെങ്കിലുമാകാമെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം ജിഷയുടെ വീട്ടിലെ മീന്‍ വളര്‍ത്തുന്ന ജാറില്‍ നിന്നും മറ്റും മറ്റ് ചിലരുടെ വിരലടയാളം കണ്ടെത്തിയത് സംഭവത്തില്‍ കുടുതല്‍ പ്രതികളുണ്ടായിരിക്കാമെന്ന സംശയത്തിലേക്ക് നയിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി മൊഴിമാറ്റി പറയുന്നത് പോലീസിനെ കൂടുതല്‍ കുഴയ്ക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ജിഷ അമിറുളിനെ ചെരുപ്പിനടിച്ചെന്നും അതിന്റെ പ്രതികാരത്തിനാണ് കൊലപ്പെടുത്തിയത് എന്നും പ്രതി നേരത്തേ നല്‍കിയ മൊഴി തെറ്റാണെന്നും കുളക്കടവില്‍ വെച്ചുണ്ടായ പ്രശ്‌നമല്ല കൊലപാതകമെന്നും പോലീസ് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന അമീറിന്റെ ഡി.എന്‍.എ പരിശോധന ഔദ്യോഗികമായി നടത്താന്‍ രക്തസാമ്പിള്‍ വീണ്ടും ശേഖരിക്കാന്‍ പെരുമ്പാവൂര്‍ കോടതി അനുമതി നല്‍കി. അതേസമയം തെളിവെടുപ്പിനായി പ്രതി അമിറുള്‍ ഇസ്‌ളാമിനെ ഇന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോയേക്കില്ല. എന്നാല്‍ തിരിച്ചറിയല്‍ പരേഡില്‍ അമീറുളിനെ ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തെ ലോഡ്ജുടമയും ഭക്ഷണം കഴിച്ച ഹോട്ടലുടമയും തിരിച്ചറിഞ്ഞിരുന്നു. സംഭവത്തില്‍ പ്രതി മൊഴിമാറ്റി പറയുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യാന്‍ ഇന്നലെ ഡിജിപി ലോക്‌നാഥ് ബഹ്‌റ ആലുവയില്‍ എത്തിയിരുന്നു.
Post Your Comments