NewsIndia

ഇന്ത്യന്‍ ഐ.ടി മേഖലയില്‍ അനിശ്ചിതത്വം : ടെക്കികള്‍ ആശങ്കയില്‍

കൊച്ചി : ഐ.ടി കമ്പനികള്‍ക്ക് യൂറോപ്പില്‍ അനിശ്ചിതത്വത്തിന്റെ കാലമാണു വരാന്‍ പോകുന്നത്. ഇന്ത്യന്‍ ഐ.ടി ബിസിനസിന്റെ 30% യൂറോപ്പിലാണ്. അവയുടെ കേന്ദ്രം ലണ്ടനും. പൗണ്ടിന്റെ വിലയിടിവ് നിലവിലുള്ള സോഫ്റ്റ്‌വെയര്‍ കരാറുകളില്‍ വന്‍ നഷ്ടത്തിനും ഇടയാക്കും.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനികളുടെ വലിയൊരു ഭാഗം വിപണിയും ബ്രിട്ടനും യൂറോപ്പുമാണ്. ആസ്ഥാനം ലണ്ടനിലുമാണ്. മിക്ക കമ്പനികള്‍ക്കും യൂറോപ്പിലെ പ്രവര്‍ത്തനത്തിന് ഇനി മറ്റൊരു യൂറോപ്യന്‍ നഗരത്തില്‍ ആസ്ഥാനം സൃഷ്ടിക്കേണ്ടി വരും. ബ്രിട്ടനിലെ പ്രവര്‍ത്തനം ചുരുക്കേണ്ടിയും വരും.

ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ പോലുള്ള കമ്പനികളെയെല്ലാം ഇതേ രീതിയില്‍ ബാധിക്കുന്നതാണ് ബ്രെക്‌സിറ്റ്. കേരളത്തില്‍ അലയന്‍സ്, ആര്‍.ആര്‍ ഡോണലി, ആര്‍.എം ഇഎസ്‌ഐ തുടങ്ങിയ ബ്രിട്ടിഷ് കമ്പനികളുണ്ട്. ബ്രിട്ടനില്‍ നിന്നു കൂടുതല്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കാന്‍ താമസം ഉണ്ടായേക്കും. ബ്രിട്ടനിലെ കമ്പനികള്‍ പുതിയ സോഫ്റ്റ്‌വെയര്‍ ഉല്‍പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്നത് തത്കാലത്തേക്കു മരവിപ്പിക്കാം. ബ്രെക്‌സിറ്റിനു കാരണം തന്നെ ബ്രിട്ടനിലെ തൊഴിലവസരങ്ങള്‍ കുറയുന്നു എന്ന മുറവിളി ആയതിനാല്‍ ബി.പി.ഒ-കാള്‍ സെന്റര്‍ ബിസിനസിലും മറ്റും കുറവുണ്ടായേക്കും.

കേരളത്തിലെ പല ഐ.ടി കമ്പനികള്‍ക്കും ബ്രിട്ടിഷ് ബാങ്കുകളുമായി ഇടപാടുണ്ട്. എച്ച്.എസ്.ബി.സി പോലുള്ള ബ്രിട്ടിഷ് ബാങ്കുകളുടെ പ്രവര്‍ത്തനം എങ്ങനെ പോകുന്നുവെന്നതും കണ്ടറിയേണ്ടതാണ്.

യൂറോപ്പിലെ അനിശ്ചിതത്വം ഐ.ടി കമ്പനികളുടെ വളര്‍ച്ചയെ കുറച്ചു കാലത്തേക്കു ബാധിച്ചേക്കാമെന്നാണു സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ സംഘടനയായ നാസ്‌കോം വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button