കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കസ്റ്റഡിയില്‍ ആദ്യഘട്ടം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയതോടെ പ്രതി അമീറുല്‍ ഇസ്ലാം പല മൊഴികളും മാറ്റി. കൊലപാതകത്തില്‍ ഇയാളുടെ സുഹൃത്ത് അനറുല്‍ ഇസ്ലാമിന്റെ പങ്ക് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. സംഭവദിവസം രാവിലെ ജിഷ ശകാരിച്ചതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു ചോദ്യംചെയ്യലില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍.
അന്നു മദ്യപിച്ചതും അനറിന്റെ പ്രേരണയും പെട്ടെന്നുണ്ടായ പ്രകോപനത്തിനു കാരണമായെന്നും അതാണു കൊലയിലേക്കു നയിച്ചതെന്നുമുള്ള അമീറിന്റെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. കൊലപാതകം നടത്തിയ രീതിയും സ്ഥലംവിട്ടു പോയതും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോര്‍ത്തിണക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, കൊലപാതകപ്രേരണ യുക്തിസഹമായി ബോധ്യപ്പെടാന്‍ അന്വേഷണസംഘം ബുദ്ധിമുട്ടുകയാണ്.
കൊല്ലപ്പെടുന്നതിനു മുന്‍പു ജിഷ വീട്ടില്‍ നിന്നു പുറത്തുപോയതായി സാക്ഷിമൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ട്. ജിഷ എവിടേക്ക്, എന്തിനു പോയെന്നു കണ്ടെത്താന്‍ ശ്രമം നടക്കുന്നു. ഇതു വിട്ടുകളഞ്ഞു കുറ്റപത്രം സമര്‍പ്പിക്കുന്നതു കേസിനെ പ്രതികൂലമായി ബാധിക്കും. വീടുപണി പൂര്‍ത്തിയാക്കാനുള്ള ആവശ്യങ്ങള്‍ക്കും ജോലി തേടിയുമാണു ജിഷ അധികവും പുറത്തുപോയിരുന്നത്. ഏപ്രില്‍ 28നു പിഎസ്സി വെബ്‌സൈറ്റ് വഴി ജോലിക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നു.
കൊലപാതക വിവരം മാധ്യമങ്ങളിലൂടെ പുറത്തുവരാന്‍ തുടങ്ങിയിട്ട് 50 ദിവസം പിന്നിട്ടിട്ടും, അന്നു ജിഷ സന്ദര്‍ശിച്ച ആരും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. കേസില്‍ ഇടപെടാനുള്ള ഭീതിയാവാം ഒളിച്ചുവയ്ക്കാനുള്ള കാരണം. എന്നാല്‍, വിവരം അറിഞ്ഞുകൊണ്ട് ഒളിച്ചുവയ്ക്കുന്നവരും പൊലീസിന്റെ സംശയനിഴലിലാവും. പ്രതി അമീറിന്റെ പ്രകൃതിവിരുദ്ധ സ്വഭാവ വൈകല്യങ്ങള്‍ കണക്കിലെടുത്ത് ഇയാള്‍ക്ക് എന്തെങ്കിലും രോഗങ്ങളുണ്ടോ എന്നറിയാന്‍ വിശദമായ വൈദ്യപരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നു.
അതേസമയം പ്രതി അമീറുല്‍ ഇസ്ലാം ജിഷയെ കൊല്ലാന്‍ നേരത്തേ പദ്ധതിയിട്ടതിനു തെളിവായി ‘വിവേക് എക്‌സ്പ്രസ് ട്രെയിന്‍’. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ളതാണ് ഈ ട്രെയിന്‍. കന്യാകുമാരിയില്‍ യാത്ര ആരംഭിക്കുന്ന വിവേക് എക്‌സ്പ്രസ് എല്ലാ വെള്ളിയാഴ്ചയുമാണ് ആലുവ വഴി കടന്നുപോകുന്നത്. കൊലപാതകം നടന്നതിന്റെ പിറ്റേന്നു പുലര്‍ച്ചെ 5.45ന് ആലുവയില്‍നിന്ന് അമീര്‍ ഈ ട്രെയിനില്‍ കയറി. കടന്നുകളയാനുള്ള വ്യക്തമായ പദ്ധതി തയാറാക്കിയ ശേഷമാണ് അമീര്‍ വട്ടോളിപ്പടിയിലെ വീട്ടില്‍ ജിഷയെ കൊലപ്പെടുത്തിയത് എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കുന്നു. എവിടെയാണു ട്രെയിന്‍ ഇറങ്ങിയതെന്ന ചോദ്യത്തിന് അമീര്‍ നല്‍കുന്ന മറുപടിയില്‍ വ്യക്തതയുമില്ല.
Post Your Comments