ന്യൂഡല്‍ഹി : രോഗിയുടെ കാല് മാറി ശസ്ത്രക്രിയ ചെയ്തു. ഡല്‍ഹിയിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ഫോര്‍ട്ടിസിലാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ ശോക് വിഹാര്‍ സ്വദേശിയായ രവി റായിയുടെ(24) കാലാണ് ഡോക്ടര്‍മാര്‍ മാറി ശസ്ത്രക്രിയ ചെയ്തത്.
വീട്ടിലെ പടിയില്‍ വീണതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് രവിയുടെ വലതുകാലിന് പരിക്കേറ്റത്. നഗരത്തിലെ ഷാലിമാര്‍ ഭാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവിയുടെ കാലിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെയാണ് രവിയെ ഫോര്‍ട്ടിസില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് ഞായറാഴ്ച സ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍ പൊട്ടലേറ്റ വലതുകാലിന് പകരം ഇടതുകാലിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയതോടെ ഡോക്ടര്‍മാരുടെ അശ്രദ്ധ ചൂണ്ടിക്കാണിച്ച് രവിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Post Your Comments